മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കം? നിർണായക കരുക്കൾ നീക്കി ഇന്ത്യ സഖ്യം
ന്യൂ ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കത്തിന് ഒരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാനാണ് പ്രതീപക്ഷത്തിന്റെ നീക്കം.
നിയമവിരുദ്ധരുടെ സഹായത്തോടെ നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ആഴ്ച തന്നെ പാര്‍ലമെന്റില്‍ പ്രതിപക്ഷം യോജിച്ച് നിര്‍ണായക നീക്കം നടത്തിയേക്കും.
എസ്‌ഐആറുമായി ബന്ധപ്പെട്ട് അടക്കമുളള തീരുമാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നുളള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയ്ക്ക് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഗ്യാനേഷ് കുമാറിനെ കൂടാതെയുളള മറ്റ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ 14 തവണ വിവിധ തീരുമാനങ്ങളില്‍ ഔദ്യോഗികമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് രംഗത്ത് എത്തി. വിയോജിപ്പുകള്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുന്ന പ്രകൃയയുടെ ഭാഗമായുളള ചര്‍ച്ചകളില്‍ ഉളളതാണെന്നും തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒറ്റക്കെട്ടായി എടുത്തതാണ് എന്നുമാണ് വിശദീകരണം. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഇത്തരത്തില്‍ കമ്മീഷന്‍ ഏകകണ്ഠമായി എടുത്തതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിനിടെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്. 48 മണിക്കൂറിനുളളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിച്ചില്ലെങ്കില്‍ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തി വെക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കാനും സിജെപി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications
