ശോഭാ ഡേ പരിഹസിച്ച പോലീസുകാരന്‍ ഒരു മാസം കൊണ്ട് 15 കിലോ കുറച്ചു
മുംബൈ: എഴുത്തുകാരി ശോഭാ ഡേ ട്വിറ്ററിലൂടെ പരിഹസിച്ച മധ്യ പ്രദേശിലെ പോലീസുകാരന്‍ ഒരു മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരം. പോലീസുകാരനായ ദൗലത്‌റാം ജോഗാവത് ആണ് പരിഹാസം മുഖവിലയ്‌ക്കെടുത്ത് ഭാരം കുറച്ചത്. മുംബൈയിലെ പ്രശസ്തനായ ഡോക്ടര്‍ ഡോ. മുഫാസല്‍ ലക്ദവാലയുടെ നേതൃത്വത്തില്‍ ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു പോലീസുകാരന്‍.
ഇപ്പോള്‍ ശരീരം ഫിറ്റായതുപോലെ അനുഭവപ്പെടുന്നുണ്ടെന്ന് ദൗലത്‌റാം പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള ആഹാരക്രമം പിന്തുടരുന്നുണ്ട്. ദിവസവും ഒരു മണിക്കൂര്‍നേരം നടക്കുന്നു. ഭാരം മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതിയുണ്ടെന്നും ദൗലത്‌റാം വ്യക്തമാക്കി. 182 കിലോ ഭാരമായിരുന്നു ദൗലത്‌റാമിന് ഉണ്ടായിരുന്നത്.

ഇയാളുടെ പ്രമേഹം ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ 15 കിലോ ഭാരം കൂടി കുറയും. ഒരു വര്‍ഷത്തിനുള്ളില്‍ 80 കിലോ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോക്ടര്‍ പറയുന്നു. പോലീസുകാരന്റെ ചിത്രമുള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശോഭാ ഡേ പരിഹസിച്ചത്. പരിഹാസത്തോടെ പോലീസുകാരന് രാജ്യമെങ്ങുനിന്നും സഹായമെത്തി. ഭാരം കുറയ്ക്കാന്‍ സൗജന്യമായി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് മുംബൈയിലെ ഡോക്ടര്‍ ദൗലത്‌റാമിനെ ഇപ്പോള്‍ ചികിത്സിക്കുന്നത്.












Click it and Unblock the Notifications