ഒരു ബിജെപി അംഗം കമല്‍നാഥിന് വോട്ട് ചെയ്തേക്കും: ഭൂരിപക്ഷത്തിലെത്താന്‍ പിന്നെയും വേണ്ടത് 4 വോട്ട്
ഭോപ്പാല്‍: വാഴുമോ, അതോ വീഴുമോ. ഒന്നര വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ ഭാവി ഇന്നറിയാം. സുപ്രീംകോടതി വിധി പ്രകാരം ഇന്ന് വൈകീട്ട് 5 മണിക്കുള്ളില്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടതുണ്ട്. വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ വിശ്വാശ വോട്ടെടുപ്പ് വരെ കാത്തു നില്‍ക്കാതെ മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചേക്കുമെന്ന് സൂചനയും പുറത്ത് വന്നിട്ടുണ്ട്. വിമത പക്ഷത്തുള്ള 22 പേരുടേയും രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് വേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

അംഗബലം
230 അംഗ നിയമസഭയില്‍ 114 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് നേരത്തെ ഉണ്ടായിരുന്നത്. പാര്‍ട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ നല്‍കിയ രാജി സ്പീക്കര്‍ അംഗീകരിച്ചതോടെ ഇത് 92 ആയി കുറഞ്ഞു. സഭയുടെ മൊത്തം അംഗബലം 206 ആയി കുറഞ്ഞതോടെ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 104 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇത് എത്രത്തോളം സാധ്യമാണ് എന്ന് കണ്ടറിയേണ്ടതാണ്.

മറ്റുള്ളവര്‍
ബിഎസ്‌പിക്ക് രണ്ട്, എസ്‌പിക്ക് ഒന്ന്, നാല് സ്വതന്ത്രർ എന്നിങ്ങനെ നാല് എംഎല്‍എമാരും സര്‍ക്കാര്‍ പക്ഷത്തുണ്ട്. 2018 ഡിസംബറിൽ സർക്കാർ രൂപീകരിച്ച സമയത്ത് ഈ ഏഴ് പേരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ അവരുടെ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം മറികടക്കാനുള്ള സഖ്യയിലെത്താന്‍ സര്‍ക്കാറിന് സാധിക്കില്ല.

ബിജെപിക്ക്
മറുവശത്ത് ബിജെപിക്ക് 107 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 106 പേരേയും തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് മുന്നില്‍ അവര്‍ ഹാജരാക്കിയിരുന്നു. നാരായണ്‍ ത്രിപാഠിയായിരുന്നു ബിജെപി ക്യാംമ്പില്‍ നിന്നും വിട്ടു നിന്ന ഏക എംഎല്‍. ഇദ്ദേഹം നേരത്തെ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ഇദ്ദേഹത്തിന്‍റെ പിന്തുണ സര്‍ക്കാറിന് ലഭിച്ചേക്കുമെന്നാണ് സൂചന.

കുറവ് 4
കോൺഗ്രസ് - 92 ബിജെപി വിമതൻ - 1 എസ്പി - 1 ബിഎസ്പി - 2 സ്വതന്ത്രർ - 4 എന്നിങ്ങനെ ആകെ 100 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. കേവല ഭൂരിപക്ഷമായ 104 ലേക്ക് എത്താന്‍ ഇനിയും 4 അംഗങ്ങളുടെ കുറവ്. 106 അംഗങ്ങളുള്ള ബിജെപിക്ക് ആവട്ടെ കേവല ഭൂരിപക്ഷത്തിനേക്കാള്‍ 4 പേര്‍ അധികമാണ്.

സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍
ബിജെപിയുടെ പക്ഷത്ത് നിന്ന് കുറഞ്ഞത് രണ്ടു പേര്‍ ക്രോസ് വോട്ട് ചെയ്യുകയോ 7 വോട്ടുകള്‍ അസാധുവാകുകയോ ചെയ്താല്‍ മാത്രമെ സര്‍ക്കാറിന് വിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ സാധിക്കുകയുള്ളു. ഒരു വിധത്തിലും വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ കമല്‍നാഥ് രാജിവെച്ചേക്കുമെന്നാണ് സൂചന. 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണുന്നുണ്ട്.

ചൗഹാന്‍റെ ഹര്‍ജിയില്‍
വിദഗ്ധ നിയമോപദേശം തേടിയതിന് ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്നായിരുന്നു സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും 22 എംഎല്‍എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്.

ഒരെയൊരു അജണ്ട
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന നിയമസഭ വെള്ളിയാഴ്ച പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരിവിട്ടത്. മാർച്ച് 20-ന് വൈകിട്ട് 5 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തുക എന്നത് മാത്രമാകും ഒരു ദിവസസമ്മേളനത്തിന്‍റെ അജണ്ടയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications