മധ്യപ്രദേശിൽ ബിജെപിയെ കടപുഴക്കിയെറിഞ്ഞ തന്ത്രജ്ഞൻ! ആദ്യമായി നിയമസഭയിലെത്തുന്നത് മുഖ്യമന്ത്രിയായി
ഭോപ്പാല്‍: 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബിജെപിയെ താഴെയിറക്കുക എന്ന വലിയ വെല്ലുവിളിക്ക് നേതൃത്വം വഹിക്കാന്‍ മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചത് പാര്‍ട്ടിയിലെ യുവരക്തങ്ങളെ അല്ലായിരുന്നു. ഒട്ടേറെ തെരഞ്ഞെടുപ്പ് ഗോദകള്‍ കണ്ടിട്ടുളള, തഴക്കവും പഴക്കവുമുളള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ആണ്. കമല്‍നാഥ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് നേരെ മുഖ്യമന്ത്രി കസേരയിലേക്ക്.
ഈ 71കാരനെ മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചത് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലാണ് 15 വര്‍ഷത്തെ ബിജെപി കുത്തക അവസാനിപ്പിച്ച് കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ആകാനുളള നിയോഗവും കോണ്‍ഗ്രസിന്റെ ഈ കരുത്തുറ്റ നേതാവിനെ തന്നെ ഏല്‍പ്പിച്ചിരിക്കുന്നു രാഹുല്‍ ഗാന്ധി.

നെഹ്റു കുടുംബത്തിന്റെ അടുപ്പക്കാരൻ
ഒരു കാലത്ത് ബിജെപിയിലേക്ക് പോകുന്നു എന്ന് പോലും പ്രചാരണം നടന്നിരുന്നു കമല്‍നാഥിന്റെ പേരില്‍. പാര്‍ട്ടി സംഘടനാ സംവിധാനം പാടെ തകര്‍ന്നതോടെ കമല്‍നാഥ് കോണ്‍ഗ്രസ് വിടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍ പറത്തി പാര്‍ട്ടിയുടെ മുഖമായി മധ്യപ്രദേശില്‍ മാറിയിരിക്കുന്നു കമല്‍നാഥ്. നെഹ്‌റു കുടുംബത്തിന്റെ പണ്ട് മുതല്‍ക്കേയുളള അടുപ്പക്കാരനായ കമല്‍നാഥിന് സ്വന്തമായി നീണ്ട രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രമാണുളളത്.

ഇന്ദിരയുടെ മൂന്നാമത്തെ മകൻ
ഇന്ദിരാ ഗാന്ധിയുടെ കാലം തൊട്ടേ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ് കമല്‍നാഥ്. ആ വിശ്വാസ്യത രാഹുല്‍ ഗാന്ധിയുടെ കാലത്തെ കമല്‍നാഥ് ഉടയാതെ കാക്കുന്നു. 1980ല്‍ ചിന്ദ്വാരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കമല്‍നാഥിനെ ചേര്‍ത്ത് പിടിച്ച് ഇന്ദിരാ ഗാന്ധി പറഞ്ഞത് ഇത് എന്റെ മൂന്നാമത്തെ മകനാണ് എന്നാണ്. ആ മകനെയാണ് ഇന്ദിരയുടെ കൊച്ചുമകന്‍ രാഹുല്‍ ഗാന്ധി ഇന്ന് മധ്യപ്രദേശിനെ വിശ്വിസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്.

സഞ്ജയിന്റെ പയ്യന്‍സ്
സജ്ഞയ് ഗാന്ധി കാരണം രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് കമല്‍നാഥ്. ഇരുവരും ഡൂണ്‍ സ്‌കൂളിലെ സഹപാഠികളും അടുത്ത സുഹൃത്തുക്കളും. സജ്ഞയ് കെ ചോക്രേ അഥവാ സഞ്ജയിന്റെ പയ്യന്‍സ് സംഘത്തിലെ പ്രധാനി ആയിരുന്നു കമല്‍നാഥ്. സഞ്ജയിലൂടെ ഇന്ദിരഗാന്ധിയുടെ വിശ്വസ്തനായി വളര്‍ന്നു അന്നത്തെ തീപ്പൊരി നേതാവായ കമല്‍നാഥ്. കോളേജ് പഠനത്തിന് ശേഷമാണ് കമല്‍നാഥ് രാഷ്ട്രീയത്തില്‍ സജീവമായത്.

ഏറ്റവും കുടുതൽ കാലം പാർലമെന്റിൽ
ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്. 34 വയസ്സുള്ളപ്പോളാണ് 1980ൽ കമൽനാഥ് ആദ്യമായി ചിന്ദ്വാരയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നത്. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തില്‍ നിന്നും 9 തവണയാണ് കമല്‍നാഥ് പാര്‍ലമെന്റിലേക്ക് എത്തിയത്. 1980, 1985, 1989, 1991, 1999, 2004, 2009, 2014 വര്‍ഷങ്ങളിലാണ് ചിന്ദ്വാരയില്‍ നിന്ന് കമല്‍നാഥ് ലോക്‌സഭയിലേക്ക് എത്തിയത്. ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായ വ്യക്തിയെന്ന റെക്കോര്‍ഡുമുണ്ട് കമല്‍നാഥിന്റെ പേരില്‍.

രാഹുലിന്റെ തന്ത്രം
കേന്ദ്രമന്ത്രിയടക്കമായിട്ടുണ്ടെങ്കിലും, ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ പോലും നിയമസഭാംഗം ആയിട്ടില്ല എന്ന അപൂര്‍വ്വതയും കമല്‍നാഥിനുണ്ട്. ജീവിതത്തില്‍ ആദ്യമായി കമല്‍നാഥ് നിയമസഭയിലേക്ക് എത്തുന്നതാകട്ടെ മുഖ്യമന്ത്രിയായിട്ടുമാണ്. അനുഭവ സമ്പത്ത് വേണോ ചെറുപ്പം വേണോ എന്ന ചോദ്യത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയെ ഒഴിവാക്കി കമല്‍നാഥിനെ മധ്യപ്രദേശിന്റെ ചുക്കാന്‍ ഏല്‍പ്പിച്ചത്.

ഒറ്റക്കെട്ടായി കോൺഗ്രസ്
ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ സിംഗും പോരടിച്ച് നിന്ന മധ്യപ്രദേശ് കോണ്‍ഗ്രസിനെ നയിക്കാന്‍ കമല്‍നാഥിനെ ഇറക്കിയത് രാഹുല്‍ തന്ത്രമായിരുന്നു. കമല്‍നാഥിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടു. ജനവികാരം അറിയാന്‍ സര്‍വ്വേകള്‍ നടത്തിയും ബിജെപിയുടെ ഹിന്ദുത്വത്തിന് മൃദുഹിന്ദുത്വത്തിലൂടെ മറുപടി നല്‍കിയും കമല്‍നാഥ് ഒരുക്കിയ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് വിജയത്തില്‍ വലിയ ഘടകമായി. ബിജെപി കോട്ടകള്‍ പോലും തകര്‍ന്നടിഞ്ഞു.

ഇന്ദിരാ സർക്കാർ മുതൽ
ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരില്‍ തുടങ്ങി മന്‍മോഹന്‍ സര്‍ക്കാരില്‍ വരെ വിവിധ കേന്ദ്രമന്ത്രി പദവികള്‍ കമല്‍നാഥ് വഹിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ്, പരിസ്ഥിതി വകുപ്പ്, നഗരവികസനം, ഗ്രാമവികസനം, പാര്‍ലമെന്ററികാര്യം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 16ാം ലോക്‌സഭയില്‍ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 18ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് കമല്‍ നാഥിന്റെ ജനനം. ഡൂണ്‍ സ്‌കൂളിലും സെന്റ് സേവ്യേര്‍സ് കോളേജിലുമായിരുന്നു പഠനകാലം. അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ മധ്യപ്രദേശിലെ ഭരണവും പാർട്ടിയും കമൽനാഥ് എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്ന് തന്നെ കാണാം.












Click it and Unblock the Notifications