എംപിമാരുടെ ശമ്പളം കുത്തനെ കൂട്ടി; മുന്‍കാല പ്രാബല്യം, ഇനി മുതല്‍ എത്ര കിട്ടുമെന്ന് അറിയാമോ?
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം എത്രയാണ് എന്ന് അറിയാമോ. ആനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന് മിക്കവര്‍ക്കും അറിയാമെങ്കിലും എംപിമാരുടെ ശമ്പളം കൂട്ടി എന്നാണ് പുതിയ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയതോടെ 2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കൂട്ടിയ ശമ്പളം എംപിമാര്‍ക്ക് കിട്ടും.
ശമ്പളം മാത്രമല്ല, അലവന്‍സ്, പെന്‍ഷന്‍ എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയായിരുന്നു. ഇനി മുതല്‍ 1.24 ലക്ഷം രൂപയായി ഉയരും. മാത്രമല്ല, പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ എംപിമാരുടെ പെന്‍ഷന്‍ 25000ത്തില്‍ നിന്ന് 31000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇവിടെയും നില്‍ക്കില്ല, എംപിമാരുടെ ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്...

ഇതുവരെ മുന്‍ എംപിമാരുടെ പെന്‍ഷന്‍ 25000 രൂപയായിരുന്നു. ഇനി 31000 രൂപയായി ഉയരും. അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാലം എംപിമാരായവര്‍ക്ക് അധികം വരുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധിക പെന്‍ഷന്‍ കിട്ടുമായിരുന്നു. ഈ തുക 2500 രൂപയാക്കി ഉയര്‍ത്തി. മുന്‍കാല പ്രാബല്യമുള്ളതിനാല്‍ വലിയൊരു തുക എംപിമാര്‍ക്ക് ലഭിക്കും.
എംപിമാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചത് 2018ലാണ്. ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളത്. മുന്‍ എംപിമാര്‍ക്കുള്ള ചെലവ് കൂടി ചേരുമ്പോള്‍ ഖജനാവില്‍ നിന്ന് വലിയൊരു തുക ഇവര്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും. മാത്രമല്ല, അംഗങ്ങള്‍ക്ക് ഔദ്യോഗിക കാന്റീനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനും ചെലവ് കുറവാണ്.
എംപിമാര്‍ക്ക് ശമ്പളത്തിന് പുറമെ മണ്ഡല അലവന്‍സുണ്ട്. 70000 രൂപയാണ് പ്രതിമാസം ഈ ഇനത്തില്‍ ലഭിക്കുക. ഓഫീസ് ചെലവുകള്‍ക്കായി മാസത്തില്‍ 60000 രൂപയും കിട്ടും. ഓഫീസ് ജോലിക്കാരുടെ ശമ്പളം, ഫോണ്‍ ബില്ല്, സ്‌റ്റേഷനറി ചെലവുകള്‍ എന്നിവയ്ക്കാണ് ഈ തുക. കൂടാതെ 34 സൗജന്യ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള അവസരവുമുണ്ട്. എംപിമാര്‍ക്കും അവരുടെ ഉറ്റവര്‍ക്കും യാത്രാ ഇളവ് ലഭിക്കും.
മാത്രമല്ല, കണ്ണായ സ്ഥലത്ത് സൗജന്യ താമസ സൗകര്യവും എംപിമാര്‍ക്ക് ലഭിക്കും. ഔദ്യോഗിക വസതി ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ അനുവദിക്കും. ഓരോ വര്‍ഷവും 50000 യൂണിറ്റ് വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. 4000 കിലോ ലിറ്റര്‍ സൗജന്യ വെള്ളവും ഉപയോഗിക്കാം. കേന്ദ്ര ആരോഗ്യ പദ്ധതിയില്‍ എംപിമാര്‍ക്കും കുടുംബത്തിനും ചികില്‍സയും ലഭിക്കും.
ജനപ്രതിനിധികളുടെ ശമ്പളം ഉയര്‍ത്തിയതില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ജീവിത ചെലവ് ഉയരുകയാണ് എന്ന പ്രതികരണമാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വ നല്‍കുന്നത്. കര്‍ണാടകയിലെ എംഎല്‍എമാരുടെ ശമ്പളവും വര്‍ധിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്തെ എല്ലാ സംസ്ഥാനത്തും എംഎല്‍എമാര്‍ക്ക് ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്.












Click it and Unblock the Notifications