സ്‌റ്റൈല്‍ മന്നനെ അനുകരിച്ച് ധോണി; ക്രിക്കറ്റല്ലാതെ എന്താണ് സ്വപ്നം? കിടിലന്‍ മറുപടിയുമായി സഞ്ജു സാംസണ്‍
മുംബൈ: രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് എം.എസ് ധോണി. 2020-ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഇന്നും ധോണിയുടെ തട്ട് മുകളിലാണ്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ആരാധക പിന്തുണയില്‍ പിന്നില്ലല്ല. ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്ത് അഭിരമിക്കാതെ സാധാരണ ജീവിതം നയിക്കുന്നവരാണ് ഇരുവരും. മുന്‍ ഇതിഹാസ നായകനും സഞ്ജു സാംസണും ചേര്‍ന്നുള്ള ചിരിയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ധോണിയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളും മുഹൂര്‍ത്തങ്ങളും ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ധോണി മൊബൈല്‍ ആപ്പ് ലോഞ്ച് നടന്ന മുംബൈയിലെ വേദിയിലാണ് ആരാധകരെ ചിരിപ്പിച്ച നിമിഷങ്ങള്‍ ഉണ്ടായത്. മന്ദിര ബേദിയായിരുന്നു അവതാരക. റാപ്പിഡ് ഫയര്‍' സെക്ഷനിലെ ചോദ്യങ്ങള്‍ക്ക് പരസ്പരം തഗ് അടിച്ചും ചിരിപ്പിച്ചും സഞ്ജുവും ധോണിയും വേദിയെ സമ്പന്നമാക്കി. യാത്ര പോകാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളും ഭക്ഷണവുമൊക്കെ ഇരുവരും വെളിപ്പെടുത്തി.

ക്രിക്കറ്റ് അല്ലെങ്കില്‍ എന്താണ് സ്വപ്നം എന്നായിരുന്നു ഒരു ചോദ്യം. രജനികാന്തിനെ പോലെ ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. പടയപ്പ എന്ന ഡയലോഗും സഞ്ജു പറഞ്ഞു. ഒരു നീളന്‍ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ബാഷ'യിലെ ''നാന്‍ ഒരു വാട്ടി സൊന്നാ നൂറ് വാട്ടി സൊന്ന മാതിരി'' എന്ന ഡയലോഗ് പറഞ്ഞാണ് ആരാധകരെ കൈയിലെടുത്തത്. ഒരു ദക്ഷിണേന്ത്യന്‍ ഡയലോഗ് പറയാന്‍ എംഎസ് ധോണിയോടും മന്ദിര ആവശ്യപ്പെട്ടു.
എല്ലാവരെയും ഞെട്ടിച്ച് സ്‌റ്റൈല്‍ മന്നന്റെ മാസ് ഡയലോഗാണ് ധോണി പറഞ്ഞത്. 'യെന്‍ വഴി തനി വഴി' എന്ന് പറഞ്ഞ ധോണിക്ക് ആരാധകര്‍ നിറഞ്ഞ കൈയടി നല്‍കി. പിന്നാലെ വേദിയിലിരുന്ന സഞ്ജുവും ചിരിയടക്കാനാകാതെ ധോണിക്ക് കൈകൊടുത്തു.
ന്യൂസിലാന്‍ഡും അമേരിക്കയിലെ ന്യൂജഴ്സിയുമാണ് തനിക്ക് പോകാന്‍ ഏറ്റവും ഇഷ്ടമുള്ള രണ്ട് സ്ഥലങ്ങളെന്ന് ധോണി പറഞ്ഞു. ന്യൂസിലാന്‍ഡ് വളരെ മനോഹരമായിട്ടുള്ള രാജ്യമാണ്. മനുഷ്യരെ കൊല്ലുന്ന ഒന്നും അവിടെയില്ല. മനുഷ്യരെ കൊല്ലുന്ന വന്യമൃഗങ്ങളോ, പാമ്പുകളോ, ഇഴ ജന്തുക്കളോ ഒന്നും തന്നെ ന്യൂസിലാന്‍ഡില്‍ ഇല്ല. അതിനാല്‍ അതു വളരെ സുരക്ഷിതമായ സ്ഥലമാണെന്നും ധോണി പറഞ്ഞു.
സഞ്ജു സാംസണ്‍ തിരഞ്ഞെടുത്തത് ദുബായ് ആണ്. ദുബായില്‍ എനിക്കു ഒരുപാട് സുഹൃത്തുക്കളുണ്ട്. അവിടെയെത്തുമ്പോള്‍ തനിക്കു പകുതി കേരളം പോലെയാണ് അനുഭവപ്പെടാറുള്ളതെന്നും സഞ്ജു പറഞ്ഞപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമാണ് ദുബായ് എന്ന് ധോണി തമാശ പൊട്ടിക്കുകയും ചെയ്തു. മലയാളമാണ് അവിടുത്തെ രണ്ടാമത്തെ ഭാഷയെന്നും പറഞ്ഞതോടെ ആരാധകരും പൊട്ടിച്ചിരിയില്‍ പങ്കുചേര്‍ന്നു.
മലയാളി സംരംഭകന്റെ നേതൃത്വത്തിലാണ് ധോണി ഫാന്‍സ് ആപ്പ് (https://www.dhoniapp.com/) പുറത്തിറക്കിയത്. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന ചടങ്ങിലാണ് ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചത്. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോം ആണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം.
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാനാകും. തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും.












Click it and Unblock the Notifications