ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു
ചെന്നൈ: ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ഇന്ത്യന്‍ കാർഷിക മേഖലയുടെ ഭാഗധേയം നിർണ്ണയിക്കുകയും സമൃദ്ധിയുടെയും സ്വയംപര്യാപ്തതയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് എംഎസ് സ്വാമിനാഥന്‍ അറിയപ്പെടുന്നത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനാണ് പില്‍ക്കാലത്ത് ലോകം അറിയപ്പെടുന്ന എംഎസ് സ്വാമിനാഥനായി മാറിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനവും നടത്തി.

1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1943-ലെ ബംഗാൾ ക്ഷാമകാലത്തെ നിർണായക നിമിഷമാണ് എം.എസ്. സ്വാമിനാഥന്റെ കൃഷിയുടെയും ജനിതകശാസ്ത്രത്തിന്റെയും മണ്ഡലത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്.
അരിയുടേയും ഗോതമ്പിന്റേയും രൂക്ഷമായ ക്ഷാമവും ദശലക്ഷക്കണക്കിന് ജീവൻ നഷ്ടമായതും യുവാവായ സ്വാമിനാഥനെ വലിയ തോതില്‍ സ്വാധീനിച്ചു. മദ്രാസ് അഗ്രികൾച്ചറൽ കോളേജ്, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പഠനം തുടരാനും ഇത് അദ്ദേഹത്തെ സ്വാധീനിച്ചു.
ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളുമായിരുന്നു എംഎസ് സ്വാമിനാഥന്‍. അദ്ദേഹത്തിന് പുറമെ ഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമായിരുന്നു ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാർ.












Click it and Unblock the Notifications