മുംബൈയിൽ ശക്തമായ മഴ; വ്യാഴാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മുംബൈ മുനിസിപ്പൽ അധികൃതർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബുധനാവ്ച ഉച്ച മുതൽ ശക്തമായ മഴ തുടരുകയാണ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) മുംബൈയിലും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി, വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ കഠിനമായ കാലാവസ്ഥ വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്നും ഇത് അപകടസാധ്യതകളും തടസ്സങ്ങളും സൃഷ്ടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം മഴ ആരംഭിച്ചതോടെ മുളുണ്ടും അതിൻ്റെ ചുറ്റുപാടുകളും പോലെയുള്ള പ്രദേശങ്ങൾ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യം വഹിച്ചു, ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.

പ്രതികൂല കാലാവസ്ഥ വിമാന യാത്രയെയും ബാധിച്ചു, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, വിസ്താര തുടങ്ങിയ എയർലൈനുകൾ വഴിതിരിച്ചുവിടലിനെക്കുറിച്ച് എക്‌സിൽ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിസ്താരയുടെ UK534 എന്ന വിമാനത്തിന് മുംബൈ വിമാനത്താവളത്തിലെ മോശം കാലാവസ്ഥ കാരണം മടങ്ങേണ്ടി വന്നു.
പൂനെയിലും ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലർട്ടാണ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൂനെ നഗരത്തിലെയും പിംപ്രി ചഞ്ച് വാഡിലെയും എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications