മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തുപേരില്‍ ഒരാള്‍: 200 ശതമാനത്തിന്റെ വർധനവ്
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തിലേക്ക് തിരികെയെത്തി ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംമ്പാനി. ആസ്തി 114 ബില്യൺ ഡോളറില്‍ അതായത് ഏകദേശം 9.45 ലക്ഷം കോടി രൂപയിലേക്ക് എത്തിയതോടെയാണ് മുകേഷ് അമ്പാനി പട്ടികയിലേക്ക് തിരികെ വന്നത്. ഫോർബ്‌സിൻ്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഈ വിവരം പങ്കുവെച്ചതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇതോടെ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഫ്രഞ്ച് ശതകോടീശ്വരനും ലൂയി വിറ്റൺ മൊയ്റ്റ് ഹെന്നസി (എൽവിഎംഎച്ച്) സിഇഒയുമായ ബെർണാഡ് അർനോൾട്ടാണ് ഈ പട്ടികയിൽ ഒന്നാമത്.

അർനോൾട്ടിൻ്റെ ആസ്തി 222 ബില്യൺ ഡോളറാണ്, അതായത് ഏകദേശം 18.60 ലക്ഷം കോടി രൂപയാണ്. ടെസ്‌ല സിഇഒ എലോൺ മസ്‌കാണ് 16.74 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ആസ്തി 36 ബില്യൺ ഡോളറിൽ നിന്ന് അഞ്ച് വർഷം കൊണ്ട് 114 ബില്യൺ ഡോളറായി ഉയർന്നു. അതായത് അഞ്ച് വർഷത്തിനുള്ളില്‍ സ്വത്തിലുണ്ടായത് 200 ശതമാനത്തിന്റെ വർധനവാണ്.
ഊർജ്ജം, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ എന്നീ ബിസിനസ് രംഗത്താണ് മുകേഷ് അംബാനി നേട്ടങ്ങളുണ്ടാക്കിയത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് സ്‌കൂളുകളുടെയും പിന്തുണയുള്ള ഒരു കൺസോർഷ്യം 2024 മാർച്ചിൽ ചാറ്റ്‌ജിപിടി മാതൃകയിലുള്ള ആദ്യ സേവനം ആരംഭിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
'റിലയൻസ് ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഏറ്റവും വലുതും ലാഭകരവുമായ കമ്പനിയാണ്, അതിൻ്റെ ബിസിനസ്സ് ഊർജ്ജം, സാമഗ്രികൾ, റീട്ടെയിൽ, വിനോദം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ വ്യാപിക്കുന്നു. 20 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള രാജ്യത്തെ ആദ്യ കമ്പനി കൂടിയാണിത്.വിപണി മൂല്യമനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ്.' എന്നും റിപ്പോർർട്ടുകള്‍ വ്യക്തമാക്കുന്നു.
ബെർണാഡ് അർനോൾട്ട് ആന്‍ഡ് ഫാമിലി - 223.4 ബില്യണ്‍ ഡോളർ, ഇലോൺ മസ്ക് - 201.7 ബില്യണ്‍ ഡോളർ,
ജെഫ് ബെസോസ് - 188.4 ബില്യണ്‍ ഡോളർ, മാർക്ക് സക്കർബർഗ് - 165.9 ബില്യണ്‍ ഡോളർ, ലാറി എലിസൺ - 136.1 ബില്യണ്‍ ഡോളർ, വാറൻ ബഫറ്റ് - 133.9 ബില്യണ്‍ ഡോളർ, ബിൽ ഗേറ്റ്സ് - 123.8 ബില്യണ്‍ ഡോളർ, സ്റ്റീവ് ബാൽമർ - 120.0 ബില്യണ്‍ ഡോളർ, ലാറി പേജ് - 118.3 ബില്യണ്‍ ഡോളർ, മുകേഷ് അംബാനി - 114.1 ബില്യണ്‍ ഡോളർ എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ ആദ്യ പത്ത് കോടീശ്വരന്മാർ.












Click it and Unblock the Notifications