അദാനിയുടെ ആസ്തി കുത്തനെ കൂടി, അംബാനിയുടേത് ഇടിഞ്ഞു.. ആരാണ് അതിസമ്പന്നന്‍?
ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയില്‍ ആണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടേയും സ്ഥാനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും സമ്പന്നരുടെ പട്ടികയില്‍ വലിയ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2025 സമ്പന്നരുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എതിരാളിയായ ഗൗതം അദാനിയെക്കാള്‍ അംബാനി ഇപ്പോഴും കാര്യമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

അംബാനിയുടെ ആസ്തി 8.6 ലക്ഷം കോടിയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1 ലക്ഷം കോടിയുടെ കുറവാണ് ആസ്തിയില്‍ അംബാനിക്ക് കുറവുണ്ടായിരിക്കുന്നത്. എന്നാല്‍ അദാനിയുടെ ആസ്തിയില്‍ 13 ശതമാനം വര്‍ധനവുണ്ടായി. ഇത് അദ്ദേഹത്തിന്റെ ആസ്തി 8.4 ലക്ഷം കോടിയായി ഉയരാനും കാരണമായി. ഇപ്പോഴും അംബാനി തന്നെയാണ് സമ്പത്തില്‍ മുമ്പന്‍ എന്ന് സാരം.
അതേസമയം സമ്പത്തിലെ ഇടിവ് കാരണം മുകേഷ് അംബാനി ടോപ്പ് 10 സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി. കടബാധ്യത വര്‍ധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ആസ്തി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1 ലക്ഷം കോടി കുറഞ്ഞുവെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2025 പറയുന്നു. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ഉടമയായ എലോണ്‍ മസ്‌ക് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി.
ലോകത്ത് 3442 ശതകോടീശ്വരന്മാരുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം അല്ലെങ്കില്‍ 163 എണ്ണം അധികമാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 284 ശതകോടീശ്വരന്മാരുടെ വാസസ്ഥലമാണ്. ഈ ലിസ്റ്റിലേക്ക് 13 പുതിയവരെ കൂടി ഇന്ത്യ ചേര്‍ത്തുവെച്ചു. കുടിയേറ്റ ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ ചൈനയും ഇന്ത്യയും മുന്നിലെത്തി. കുടുംബ ബിസിനസുകളുടെ ഏറ്റവും ഉയര്‍ന്ന ശതമാനത്തില്‍ ഇന്ത്യ മുന്നിലാണ്.
ശതകോടീശ്വരന്മാരുടെ നഗരമായി മുംബൈ തുടര്‍ന്നു. 90 ശതകോടീശ്വരന്‍മാരാണ് മുംബൈയില്‍ ഉള്ളത്. പട്ടികയിലെ മൊത്തം സമ്പത്തിന്റെ 7% ഇന്ത്യന്‍ ശതകോടീശ്വരന്മാരാണ് സംഭാവന ചെയ്തത്. ഏഴ് പേര്‍ ഹുറുണ്‍ ടോപ്പ് 100 ല്‍ ഉള്‍പ്പെടുന്നു. അതേസമയം 3.5 ലക്ഷം കോടി ആസ്തിയുള്ള എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ ലോകത്തിലെ അഞ്ചാമത്തെ ധനികയായ വനിതയായി.
എച്ച്സിഎല്ലിലെ 47% ഓഹരികള്‍ അവരുടെ പിതാവ് ശിവ് നാടാര്‍ റോഷ്‌നികക്ക് കൈമാറിയിരുന്നു. അതിനുശേഷം, ആഗോളതലത്തില്‍ ടോപ് 10 സ്ത്രീകളില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന പദവിയും അവര്‍ നേടി.












Click it and Unblock the Notifications