കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച
മുലായം സിംഗ് യാദവിന്റെ മരണത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് മറ്റൊരു അതികായനെ. ഉത്തര്‍പ്രദേശ് എന്നാല്‍ മുലായം സിംഗ് എന്ന് പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മുന്നണി സമവാക്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുലായം 50 വര്‍ഷത്തോളം സജീവരാഷ്ട്രീയത്തിലുണ്ടായിരുന്നു. 1939 നംവബര്‍ 22 ന് ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ആണ് മുലായം സിംഗിന്റെ ജനനം.
രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ മുലായം സിംഗ് തന്റെ 28-ാം വയസിലായിരുന്നു ആദ്യമായി എം എല്‍ എയായത്, 1967 ല്‍ ആയിരുന്നു അത്. പിന്നീട് അങ്ങോട്ട് മുലായം സിംഗിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതായിരുന്നു. ലോഹ്യയുടെ മരണശേഷം രാജ് നരൈനോടൊപ്പം നിന്ന മുലായം സിംഗ് 1974 ല്‍ മറ്റ് ജനതാ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ഭാരതീയ ലോക് ദള്‍ രൂപീകരിച്ചു.

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ജനതാപാര്‍ട്ടികളുടെ ഉദയമാണ് കണ്ടത്. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ജനതാ പാര്‍ട്ടി അധികാരത്തിലെത്തി. ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മുലായം യു പിയിലെ സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവ്യസായ വകുപ്പുകളുടെ മന്ത്രിയായി.

എന്നാല്‍ 1980 ല്‍ ജനതാ പാര്‍ട്ടിയോടൊപ്പം മുലായവും പരാജയപ്പെട്ടു. അതിനിടെ പാര്‍ട്ടിയിലെ പ്രധാന നേതാവ് എന്ന നിലയിലേക്ക് മുലായം വളര്‍ന്നു. 1984 ല്‍ ചരണ്‍സിങ് ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുലായത്തെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ മനസിലാക്കാം എന്തായിരുന്നു മുലായത്തിന്റെ സ്വാധീനമെന്ന്.

1985 ല്‍ യു പിയില്‍ പ്രതിപക്ഷ നേതാവായതോടെ മുലായം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രാഷ്ട്രീയ നേതാവായി മാറിയിരുന്നു. 1985 ല്‍ ലോക്ദള്‍ പിളര്‍ന്നെങ്കിലും ക്രാന്തികാരി മോര്‍ച്ചയില്‍ നിന്ന് കൊണ്ട് 1989 ല്‍ മുലായംസിങ് ആദ്യമായി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി. എന്നാല്‍ 1990 ല്‍ വി സി സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വീണതോടെ മുലായം ജനതാദള്‍ സോഷ്യലിസ്റ്റിന്റെ ഭാഗമായി.

അന്ന് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും മുലായത്തെ സഹായിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ് മുലായത്തിനുള്ള പിന്തുണ പിന്‍വലിച്ചു. 1992 ല്‍ മുലായം സിംഗ് സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചു. പിറ്റേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം അധികാരം പിടിച്ചെടുത്തു. ബി ജെ പിയെ തോല്‍പ്പിച്ച് അധികാരത്തിലെത്തിയ സഖ്യത്തിന് കോണ്‍ഗ്രസിന്റെയും ജനതാദളിന്റെം പിന്തുണയും ലഭിച്ചു.

വൈകാതെ തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് മുലായം കളം മാറ്റി. 1996 മുലായം കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐക്യമുന്നണിക്ക് അധികാരം നഷ്ടപ്പെട്ട് ബി ജെ പി അധികാരം പിടിച്ചപ്പോള്‍ ആര്‍ക്കും പിന്തുണ നല്‍കാത്ത മുലായത്തിനേയും രാജ്യം കണ്ടു. 2003 ല്‍ വീണ്ടും യു പി മുഖ്യമന്ത്രിയായി.

2009 ല്‍ ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ സര്‍ക്കാരിനെ കാത്തത് എസ് പിയായിരുന്നു. രക്ഷകരായി എത്തിയവരുടെ മുന്‍നിരയില്‍ എസ്പിയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അഖിലേഷ് പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ മുലായത്തിന് വിയോജിപ്പോടെ പിന്‍വാങ്ങേണ്ടി വന്നു.












Click it and Unblock the Notifications