മുംബൈ സ്ഫോടനം; 2006 ജൂലൈ ഏഴിന് കോമയില്‍ ആയ യുവാവ് മറ്റൊരു ജൂലൈ ഏഴിന് മരിച്ചു
മുംബൈ: 2006ല്‍ മുംബൈയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഏഴുവര്‍ഷത്തോളം കോമയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. ഹിന്ദുജ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പരാഗ് സാവന്ത് ആണ് ചൊവ്വാഴ്ച മരണമടഞ്ഞത്. സ്‌ഫോടനം നടന്നശേഷം ആശുപത്രിയിലായിരുന്ന പരാഗിന് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല.
2006 ജൂലൈ ഏഴിന് സ്‌ഫോടനം നടക്കുമ്പോള്‍ ചര്‍ച്ച് ഗേറ്റ്-വിരാര്‍ ട്രെയിനിലായിരുന്നു പരാഗ്. അപകടം നടന്നയുടന്‍ ഭക്തിവേദാന്ത ആശുപത്രിയിലെത്തിച്ച പരാഗിനെ പിന്നീട് ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പല ഓപ്പറേഷനും വിധേയമാക്കിയെങ്കിലും തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ പരാഗ് കോമയിലേക്ക് വീണു.

2008ല്‍ കോമയില്‍ നിന്നും മുക്തനായ പരാഗ് ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് തോന്നലുളവാക്കിയിരുന്നു. ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കാനും മറ്റും സാധ്യമായതോടെ ഫിസിയോ തെറാപ്പിയും മറ്റും നല്‍കി പരാഗിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ കുടുംബത്തിന്റെ പ്രാര്‍ഥന വിഫലമാക്കി രണ്ടുവര്‍ഷത്തിനുശേഷം പരാഗ് വീണ്ടും കോമയിലായി.
അപകടം സംഭവിക്കുമ്പോള്‍ 26 വയസുണ്ടായിരുന്നു പരാഗിന്. ഒരു കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയായിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്നു പരാഗിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ എട്ടുവയസുള്ള മകളുണ്ട്. പരാഗിന് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് സര്‍ക്കാര്‍ റെയില്‍വേയില്‍ ജോലി നല്‍കിയിരുന്നു. ഭാര്യയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.












Click it and Unblock the Notifications