മെഡിക്കൽ ജാമ്യത്തിനായി 62കാരന്റെ അപേക്ഷ; കോടതി ജാമ്യം അനുവദിച്ചത് മരണപ്പെട്ടതിന്റെ രണ്ടാം ദിവസം
മുംബൈ: മരച്ചതിന് രണ്ട് ദിവസത്തിന് ശേഷം 62കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ സെഷൻസ് കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി വിശാൽ ഗെയ്‌കെയാണ് 2023 മെയ് 11 ന് സുരേഷ് ദത്താറാം പവാറിന് ആറ് മാസത്തേക്ക് മെഡിക്കൽ ജാമ്യം അനുവദിച്ചത്. എന്നാൽ പവാർ മെയ് 9നാണ് മരിച്ചത്. മാനുഷിക പരിഗണന നൽകിക്കൊണ്ടാണ് ജാമ്യം എന്നാണ് വിധിയിൽ പറഞ്ഞത്.
2021-ൽ ആണ് പവാർ അറസ്റ്റിലായത്. ഐപിസി സെക്ഷൻ 409, 420, 467, 468, 471, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പ്രോപ്പർട്ടി ഏജന്റുമാരാണെന്ന വ്യാജേന പവാറും ഭാര്യയും തന്നെ കബളിപ്പിച്ചതായി ഒരു അധ്യാപിക പരാതി നൽകുക ആയിരുന്നു. ദമ്പതികൾ 16 പേരെ കബളിപ്പിച്ചതായി പിന്നീട് കണ്ടെത്തി.

2023 മെയ് 3-ന് സമർപ്പിച്ച മെഡിക്കൽ ജാമ്യാപേക്ഷയിൽ തനിക്ക് ഉയർന്ന പ്രമേഹമുണ്ടെന്നും ശ്വാസകോശ, വൃക്ക രോഗങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജെജെ ആശുപത്രിയിലും ജയിലിലും വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്നാണ് 2023 ഏപ്രിൽ 30ന് തന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.
കാൽ മുറിച്ചുമാറ്റിയതിന് ശേഷം തന്നെ ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാതെ നേരിട്ട് ജെജെ ആശുപത്രിയിലെ ജനറൽ വാർഡിലേക്ക് മാറ്റിയെന്നും പവാർ ആരോപിച്ചിരുന്നു. "ഇത്തരം അശ്രദ്ധമായ കൈകാര്യം ചെയ്യൽ കാരണം, അപേക്ഷകന്റെ ആരോഗ്യനില കൂടുതൽ വഷളാവുകയും ആന്തരിക അവയവങ്ങൾക്ക് (ശ്വാസകോശം) അണുബാധയുണ്ടാകുകയും ചെയ്തു, അതിനുശേഷം അദ്ദേഹത്തെ ജെജെ ആശുപത്രിയിലെ സിസിയു വാർഡിലേത്ത് മാറ്റി, " അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞു.
2023 മെയ് 4 നാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ തുടങ്ങിയത്. എല്ലാ കക്ഷികളും ഹാജരായതിനാൽ, മെഡിക്കൽ പേപ്പറുകൾ ഫയൽ ചെയ്യാൻ കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിക്കുകയും കേസ് മെയ് 6 ലേക്ക് മാറ്റുകയും ചെയ്തു. മെയ് 6ന് അന്വേഷണ ഉദ്യോഗസ്ഥൻ അസുഖ അവധിയിൽ ആണെന്നും അപേക്ഷൻ ജെജ ആശുപത്രിയിൽ ചികിത്സയിലാണെന്നും കാണിച്ച് പ്രോസിക്യൂഷൻ കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടു. മെയ് എട്ടിനാണ് പിന്നീട് വാദം നടന്നത്.
തന്റെ കക്ഷിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പവാറിന്റെ അഭിഭാഷകൻ കരീം പത്താൻ മെഡിക്കൽ ഫയലിൽ സാഹിതം വാദിച്ചു. ജയിൽ അന്തരീക്ഷത്തിൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരാതിക്കാരി പവാറിന് ജാമ്യം നൽകുന്നതിനെ എതിർത്തു. അതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് മെയ് 11 ലേക്ക് മാറ്റി. മെയ് 11 ന് പവാറിന് ജാമ്യം അനുവദിച്ച് ഉത്തരവ് ഇറക്കി. എന്നാൽ അപ്പോഴേക്കും ആരോഗ്യനില മോശമായ പവാർ മരണപ്പെട്ടു.












Click it and Unblock the Notifications