മേക്ക് ഇന്‍ ഇന്ത്യാ വീക് പരിപാടിക്കിടെ വന്‍ തീപിടിത്തം; വേദി കത്തിയമര്‍ന്നു
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന പരിപാടിയില്‍ വന്‍ തീപിടിത്തം. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്കീട്ടാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
തീ പടരുന്നത് കണ്ടതോടെ ആളുകളെ ഒഴിപ്പാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നു. കടല്‍ത്തീരത്തായതിനാല്‍ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. സാസംകാരിക പരിപാടികള്‍ക്കിടെയായിരുന്നു തീപിടുത്തം ഉണ്ടായത്.

സ്ഥലത്തുനിന്നും വിഐപികളെ ഉടന്‍ മാറ്റി. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നവിസ്, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ഹേമമാലിനി തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിക്കെത്തിയിരുന്നു.
25,000 ഓളം ജനങ്ങള്‍ പരിപാടി കാണാനായി സ്ഥലത്തുണ്ടായിരുന്നു. ആര്‍ക്കും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിക്കും തിരക്കും ഇല്ലാതിരിക്കാന്‍ സുരക്ഷാ വിഭാഗം കരുതലെടുത്തതാണ് അപകടം ഒഴിവായത്. വ്യവസായിക കുതിപ്പ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മേക് ഇന്‍ ഇന്ത്യ പദ്ധതി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications