മാഗി കയറ്റുമതിക്ക് കോടതി അനുമതി നല്‍കി
മുംബൈ: ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച മാഗി നൂഡില്‍സ് കയറ്റുമതി ചെയ്യാന്‍ കോടതി നെസ്ലെ കമ്പനിക്ക് അനുമതി നല്‍കി. ബോംബെ ഹൈക്കോടതിയാണ് കമ്പനിയുടെ അപേക്ഷ പരിഗണിച്ചത്. നെസ്ലെയ്ക്ക് അവരുടെ ഉത്പന്നം സുരക്ഷിതമാണെന്ന് മറ്റു രാജ്യങ്ങളില്‍ തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ കയറ്റുമതിയെ എതിര്‍ക്കില്ലെന്ന് ഫുഡ് റെഗുലേറ്റര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതോടെ, ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മാഗി കയറ്റുമതി ചെയ്യാമെന്നത് കമ്പനിക്ക് ആശ്വാസമായിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇത്രയും വിവാദമുണ്ടായതിനാല്‍ മറ്റു രാജ്യങ്ങളില്‍ ഇന്ത്യയിലെ മാഗി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ ബഹറെയ്ന്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ഇറക്കുമതി താത്കാലിമായി നിരോധിച്ചിരുന്നു.

മാഗിയില്‍ ലെഡ്, മോണാസോഡിയം ഗ്ലൂട്ടാമേറ്റ് എന്നവ അനുവദനീയമായതിലും കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ ഷോപ്പുകളില്‍ നിന്നും അവ കമ്പനി പിന്‍വലിക്കുകയും ചെയ്തു.
320 കോടി രൂപ വിലവരുന്ന 17,000 കോടി മാഗി പാക്കറ്റുകളാണ് നെസ്ലെ പിന്‍വലിച്ചത്. ലോകത്ത് മുന്‍പ് ഒരു കമ്പനിയും തങ്ങളുടെ ഇത്രയും ഉത്പന്നങ്ങള്‍ ഇതിന് മുന്‍പ് പിന്‍വലിച്ചിട്ടില്ല. പിന്‍വലിച്ചവയില്‍ ഭൂരിഭാഗവും കമ്പനി നശിപ്പിച്ചു കളയുകയും ചെയ്തു. ഇന്ത്യന്‍ ഫുഡ് സേഫ്റ്റി പ്രകാരം അനുശാസിക്കുന്ന ഗുണനിലവാരവുമായി ഉത്പന്നം ഉടന്‍ വിപണയില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.












Click it and Unblock the Notifications