മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകർന്ന് വീണ് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്
മുംബൈയിലെ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ അടർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം. രാംധൻ യാദവ് എന്നയാളാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവർക്കാണ് പരിക്കേറ്റത്. ജോൺസൺ ആൻ്റ് ജോൺസൺ ഫാക്ടറിക്ക് മുന്നിലുള്ള തിരക്കേറിയ എൽബിഎസ് റോഡിൽ ഉച്ചയ്ക്ക് 12:15 ഓടെയാണ് അപകടം നടന്നത്.
മെട്രോ തൂണിന്റെ ഒരു ഭാഗം തകർന്നു റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ വീഴുകയായിരുന്നു. പരിക്കേറ്റവരിൽ രാജ്കുമാർ ഇന്ദ്രജിത് യാദവിൻ്റെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും ആവശ്യമായ വൈദ്യസഹായങ്ങൾ നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. നിർമാണ ചുമതലയുള്ള മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അപകടകാരണ അന്വേഷിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

അതിനിടെ ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷനെതിരെ ശിവസേന നേതാവും എംഎൽഎയുമായ ആദിത്യ താക്കറെ രംഗത്തെത്തി. ബി ജെ പി ഭരണത്തിന് കീഴിൽ മനുഷ്യജീവന് യാതൊരു വിലയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. '
'മെട്രോ ലൈനിൻ്റെ നാലാമത്തെ ലൈനിൽ നിന്നുള്ള ഭാഗം അടർന്ന് വീണ് ഇന്ന് അപകടമുണ്ടായി. കഴിഞ്ഞ വർഷം പുതിയതായി ഉദ്ഘാടനം ചെയ്ത മെട്രോ ലൈൻ 3-ൽ മതിൽ ഇടിഞ്ഞുവീണതും മഴവെള്ളം കയറി നിറഞ്ഞതും നമുക്ക് ഓർമ്മയുണ്ട്.
ഇനിയെങ്കിലും ഈ കോൺട്രാക്ടറെ സർക്കാർ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമോ? സാധ്യത കുറവാണ്. ഒരുപക്ഷേ കുറച്ച് ലക്ഷം രൂപ പിഴ ചുമത്തി വീണ്ടും ടെൻഡറുകൾ നൽകും.
പണികൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തൂണുകളെല്ലാം പെയിന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇപ്പോൾ കോടികൾ ചെലവാകും. പിന്നെ പണി തീർന്ന ശേഷം വീണ്ടും അതു ശരിയാക്കാൻ കോടികൾ വേണം. ഇന്നും പല അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളിലും മോശം ബാരിക്കേഡിംഗാണ്. അതുകൊണ്ട് ട്രാഫിക് തടസ്സങ്ങളും, തുറന്ന കുഴികളിൽ വാഹനങ്ങൾ വീഴുന്നതും പതിവായി മാറിയിരിക്കുന്നു.
ഈ ഭരണകാലത്ത് മനുഷ്യജീവിതത്തിന് യാതൊരു വിലയുമില്ല. മെട്രോ പാളങ്ങളിൽ നിന്ന് കഷണങ്ങൾ വീഴുന്നു, ഗതാഗത സംവിധാനങ്ങൾ സുരക്ഷിതമല്ല, തുറന്ന കുഴികളിൽ കാറുകളും ബൈക്കുകളും വീണ് മണിക്കൂറുകൾ സഹായം കിട്ടാതെ ആളുകൾ കിടക്കുന്നു.
ഇത് ലജ്ജാകരമായ കാര്യമാണ്. ഇങ്ങനെ തുടരുകയാണെങ്കിൽ ഒരുദിവസം നമ്മുടെ രാജ്യത്തെക്കുറിച്ച് മറ്റു രാജ്യങ്ങൾ യാത്രാ മുന്നറിയിപ്പ് പോലും പുറപ്പെടുവിക്കുന്ന സാഹചര്യം വരാം',അദ്ദേഹം എക്സിൽ കുറിച്ചു.












Click it and Unblock the Notifications