ഈ നഗരത്തിലാണോ ജീവിക്കുന്നത്, പോക്കറ്റ് കാലിയാവും, ചെലവ് കുറവ് ഈ നഗരത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ജീവിക്കാന്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് മുംബൈ. അതിനൊത്ത ചെലവും നഗരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് മുംബൈ രാജ്യത്തെ ചെലവേറിയ നഗരമാണെന്ന് കണ്ടെത്തലുള്ളത്.
രാജ്യത്ത് വീടുകള്‍ക്ക് ഏറ്റവും വില വരുന്നത് മുംബൈയിലാണ്. വീടുകള്‍ക്കായി മാസം അടയ്ക്കുന്ന ഭവന വായ്പാ ഘഡുകളും, ഒരാളുടെ ശരാശരി വരുമാനവും പരിശോധിച്ചാണ് ഇക്കാര്യത്തിലെത്തിയത്. മുംബൈയില്‍ വീടുകള്‍ വാങ്ങാന്‍ കൈയ്യില്‍ ഒരുപാട് പണം വേണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് മുംബൈയില്‍ ഒരു വീട് വാങ്ങണമെങ്കില്‍ നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനം ബാങ്ക് വായ്പയ്ക്കായി നല്‍കേണ്ടി വരും. ഇതോടെ മാസ ശമ്പളം ഒന്നിനും തികയാതെ വരും.

അതേസമയം മുംബൈയിലെ ഇഎംഐ-വരുമാന നിരക്ക് 55 ശതമാനത്തിലെത്തി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസ ശമ്പളത്തിന്റെ 55 ശതമാനം വരെ ഭവന വായ്പയ്ക്കായി നല്‍കേണ്ടി വരുന്നതാണ് മുംബൈയിലെ ഒരു സാധാരണക്കാരന്റെ അവസ്ഥ. ഈ സൂചികകളെല്ലാം സാധാരണക്കാരന് മുംബൈയില്‍ വീട് വാങ്ങുകയോ, നിത്യ ചെലവുകള്‍ നടത്തുകയോ ചെയ്യുന്നത് വളരെയധികും ദുഷ്‌കരമാണ്. ഒരു സാധാരണ വീട് വെക്കണമെങ്കില്‍ പോലും ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരിക്കും എന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മുംബൈയില്‍ ശരാശരി ഒരാള്‍ സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും വീടിന്റെ വായ്പ അടയ്ക്കാന്‍ വേണ്ടിയിട്ടാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അത് മാത്രമല്ല, വരുമാനം സൂചിക പരിശോധിക്കുമ്പോള്‍ പല ബാങ്കുകളും വായ്പ പോലും അനുവദിക്കില്ല. ഈ ഘടകങ്ങളെല്ലാം മുംബൈയെ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിക്കുന്നതാണ്.
അതേസമയം പട്ടികയില്‍ രണ്ടാം സ്ഥാനം ഹൈദരാബാദിനാണ്. ഇവിടെ ഇഎംഐ-വരുമാന നിരക്ക് 31 ശതമാനമാണ്. അതായത് വരുമാനത്തിന്റെ 31 ശതമാനം ഭവനവായ്പയ്ക്കായി നല്‍കേണ്ടി വരും. ഡല്‍ഹി-എന്‍സിആറാണ് ചെലവേറിയ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത്. ഇവിടെ ഭവന വായ്പയ്ക്കായി 30 ശതമാനമാണ് നല്‍കേണ്ടി വരുന്നത്. ബെംഗളൂരുവാണ് നാലാം സ്ഥാനത്ത്. ഒപ്പം ചെന്നൈയുമുണ്ട്.ഇവിടെ വരുമാനവും വായ്പാ അടവും തമ്മിലുള്ള അനുപാതം 28 ശതമാനമാണ്.
മഹാരാഷ്ട്രയിലെ തന്നെ പൂനെ, ബംഗാളിലെ കൊല്‍ക്കത്ത എന്നിവയില്‍ 26 ശതമാനമാണ് ഈ അനുപാതം. അതേസമയം നഗരങ്ങളില്‍ ഗുജറാത്തിലെ അഹമ്മദാബാദാണ് ചെലവ് കുറഞ്ഞത്. ഇവിടെ ഭവന വായ്പയ്ക്കായി വരുമാനത്തിന്റെ 23 ശതമാനമാണ് ചെലവാകുക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയിലെ നഗരങ്ങളില്‍ ജീവിത ചെലവ് വന്‍ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications