റിപ്പബ്ലിക്കിനെ ചുറ്റിവരിഞ്ഞ് മുംബൈ പൊലീസ്; ജാമ്യം ആവശ്യപ്പെട്ട് അര്‍ണബ് സുപ്രീം കോടതിയില്‍
മുംബൈ: റിപ്പബ്ളിക് ചാനലിനെതിരായ കേസുകളില്‍ അറസ്റ്റുകള്‍ തുടര്‍ന്ന് മുബൈ പൊലീസ്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവിയുടെ നെറ്റ് വര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റായ എവിപി ഗണശ്യാമിനെ ഇന്ന് രവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണശ്യാമിന്റെ വസതിയിലെത്തായാണ് മുംബൈ പൊലീസ് ഇദേഹത്തെ അറസ്റ്റ് ചെയ്തത്.ടിആര്‍പി തട്ടിപ്പ് കേസില്‍ കുറേ ആഴ്ച്ചകളായി ഗണശ്യാമിനെ മുബൈ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടെ ഹസ്ന റിസര്‍ച്ചെന്ന സ്ഥാപനത്തിലെ തൊഴിലാളികളെ നിരന്തരം വിളിച്ച് ചോദ്യം ചെയ്യുന്ന മുംബൈ പൊലീസിന്റെ നടപടി തുടരാന്‍ പാടില്ലെന്ന് മുബൈ ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. തങ്ങളുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചു വരുത്തി റിപ്പബ്ളിക്ക് ചാനലിനെതിരെ മൊഴി നല്കാന് നിര്‍ബന്ധിക്കുന്നതായി ഹസ്ന റിസേര്‍ച്ച് നല്കിയ പരാതിയിലാണ് ഹോക്കോടതിയുടെ നിര്‍ദേശം . ചാനലുകളുടെ ടിആര്‍പി റേറ്റിങ് അളക്കുന്ന ബാര്‍ക്ക് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമാണ് ഹസ്നാ റിസേര്‍ച്ച്.
രാജ്യത്തെ വാര്‍ത്ത ചാനലുകളുടെ ടിആര്‍പി റേറ്റിങ്ങില്‍ റിപ്പബ്ലിക്ക് അടക്കമുള്ള പ്രമുഖ വാര്‍ത്ത ചാനലുകള്‍ കൃത്രിമം നടത്തിയതായി മുബൈ പൊലീസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണത്തിലാണ് മുംബൈ പൊലീസ്. രാജ്യത്ത് ഇംഗ്ലീഷ് വാര്‍ത്ത ചാനലുകളില്‍ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള റിപ്പബ്ലിക്ക് ടിവി തന്നെയാണ് കേസില്‍ മുംബൈ പൊലീസിന്റെ മുഖ്യ നിരീക്ഷണത്തിലുള്ളത്. റിപ്പബ്ലിക് ടിവി ആളുകള്‍ക്ക് പണം നല്കി വ്യൂവര്‍ഷിപ്പ് ഉയര്‍ത്തുന്നതായാണ് മുബൈ പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം ആത്മഹത്യാ പ്രേരണ കുറ്റത്തിന് മുബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമി മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിക്കും. കേസില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മുംബൈയിലെ തലോല ജയിലിലാണ് അര്‍ണബ് ഉള്ളത്.
ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ കുറുപ്പില്‍ അര്‍ണബ് ഗാസ്വാമിയെക്കുറിച്ച് പരാമര്‍ശമുള്ളതിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത്. 2018ല്‍ നടന്ന സംഭവത്തില്‍ നേരത്തെ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും പിന്നീട് 2019ല്‍ മരിച്ച ഇന്റീരിയര്‍ ഡിസൈനറുടെ മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.