രാജ് കുന്ദ്രക്കെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; 119 നീലച്ചിത്രങ്ങള്‍, വൈറലായി ശില്‍പ്പ ഷെട്ടിയുടെ പ്രതികരണം
മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ വീണ്ടും മുംബൈ പോലീസ്. അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങള്‍ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. തൊട്ടുപിന്നാലെ ഷില്‍പ്പ ഷെട്ടി നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതിനിടെയാണ് പോലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ് കുന്ദ്രക്കെതിരെ മുംബൈ പോലീസ് വീണ്ടും കരുനീക്കം നടത്തുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 9 കോടി രൂപയ്ക്ക് നീലച്ചിത്രം വില്‍ക്കാന്‍ കുന്ദ്ര പദ്ധതിയിട്ടുവെന്നും പോലീസ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

അന്വേഷണത്തിനിടെ കണ്ടെത്തിയ കാര്യങ്ങളാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ് കുന്ദ്രയുടെ മൊബൈല്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡ്രൈവ് എന്നിവ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് 119 അശ്ലീല വീഡിയോകള്‍ ലഭിച്ചുവെന്ന് പോലീസ് പറയുന്നു. ഇവ 9 കോടി രൂപയ്ക്ക് വില്‍ക്കാനായിരുന്നു കുന്ദ്രയുടെ പദ്ധതി എന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായത്. രണ്ട് മാസം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി. 50000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടൊണ് ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം രാജ് കുന്ദ്രക്കെതിരെ മുംബൈ പോലീസ് സമര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കുന്ദ്ര ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കൂട്ടുപ്രതികളില്‍ പലര്‍ക്കും ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ തനിക്കും ജാമ്യം അനുവദിക്കണം എന്നായിരുന്നു രാജ് കുന്ദ്രയുടെ ആവശ്യം. തന്നെ കേസില്‍ ബലിയാടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിനിമയില്‍ അവസരം തേടുന്ന യുവതികളെ പിന്തുടര്‍ന്ന് വശീകരിച്ച് നീലച്ചിത്രം നിര്‍മിക്കുകയാണ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പദ്ധതി എന്നാണ് മുംബൈ പോലീസിന്റെ ആരോപണം. നടി ശില്‍പ്പ ഷെട്ടി കേസില്‍ സാക്ഷിയാണ്. മൊത്തം 43 സാക്ഷികളാണ് കേസിലുള്ളത്. അന്വേഷണത്തിനിടെ ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നടിക്കെതിരായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.

മുംബൈ കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ് കുന്ദ്ര ഇന്ന് ജയില്‍ മോചിതനായി. കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ച പിന്നാലെ ശില്‍പ്പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലായിരുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിന് ശേഷം മനോഹരമായ സാഹചര്യം വരാനുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് മഴവില്ലുകള്‍ എന്നായിരുന്നു ശില്‍പ്പ ഷെട്ടിയുടെ വാക്കുകള്‍.

ചൈനീസ്-അമേരിക്കന്‍ ആര്‍കിടെക്റ്റ് റോഗര്‍ ലീയുടെ ഉദ്ധരണിയാണ് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവിന് ജാമ്യം ലഭിച്ചതിന് പിന്നാലെയയാരുന്നു ഇത്. ആരാധകര്‍ അവരെ പിന്തുണച്ച് രംഗത്തുവന്നു. സത്യം തെളിയുമെന്നാണ് ആരാധകരില്‍ മിക്കവരുടെയും പ്രതികരണം. അതേസമയം, എതിര്‍ത്ത് കമന്റ് ചെയ്യുന്നവരുമുണ്ട്.

സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി എത്തുന്ന യുവതികളെയാണ് കുന്ദ്രയും കൂട്ടരും ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയും ഭീഷണിപ്പെടുത്തിയും നീലച്ചിത്രങ്ങള്‍ നിര്‍മിച്ചുവെന്നാണ് ആരോപണം. ചില സെലിബ്രിറ്റികള്‍ കുന്ദ്രക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചില്ലെന്ന് രാജ് കുന്ദ്ര പറയുന്നു. ചിലരുടെ താല്‍പ്പര്യങ്ങള്‍ മൂലമാണ് കേസില്‍ തന്നെ പ്രതി ചേര്‍ത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.












Click it and Unblock the Notifications