ഇത് കൊവിഡ് പ്രതിരോധത്തിന് തിരിച്ചടി, ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകി അമിത് ഷാ!
മുംബൈ: രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് മുംബൈ. രോഗികളുടെ എണ്ണം മുംബൈയിലും സംസ്ഥാനത്ത് ഒട്ടാകെയും വര്‍ധിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് തൊട്ട് പിറകെ ആയിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
ഇതിന് പിറകേ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുകയാണ്. തൊഴിലാളി പ്രതിഷേധനത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും എന്ന് അമിത് ഷാ ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പോരാട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും മഹാരാഷ്ട്ര സര്‍ക്കാരിന് അമിത് ഷാ വാഗ്ദാനം ചെയ്തു.
അതിനിടെ ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്ത് എത്തി. ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കാനുളള കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്നാണ് ആദിത്യ താക്കറെ ആരോപിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഭക്ഷണമോ താമസ സ്ഥലമോ ലഭിക്കുന്നില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങണം എന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിന് മുന്‍പ് തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരിച്ച് എത്തിക്കാനുളള ഒരു നടപടിയുമെടുത്തില്ലെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. ബാന്ദ്രയിലെ പ്രതിഷേധത്തിന് കാരണം ഈ പിടിപ്പ് കേടാണ് എന്നും താക്കറെ കുറ്റപ്പെടുത്തി. അതേസമയം പ്രശ്‌നത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് എന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications