ഇന്‍ഡിഗോ-എയര്‍ ഇന്ത്യ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിമുട്ടി; മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി
മുംബൈ: എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വന്‍ ദുരന്തം ഒഴിവായ സംഭവം ഉണ്ടായത്. രണ്ടു വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് വിമാനത്താവളത്തെ ആശങ്കയിലാഴ്ത്തിയ സംഭവം ഉണ്ടായത്. ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെ രണ്ട് വിമാനങ്ങളുടെയും വലതുവശത്തെ ചിറകുകള്‍ തമ്മില്‍ ഉരസുകയായിരുന്നു. കോയമ്പത്തൂരിലേക്ക് പോകാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനവും ഹൈദരാബാദില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്.

ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവാകുകയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തത്. സംഭവസമയത്ത് എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനായി തയ്യാറെടുക്കുകയായിരുന്നു. ലാന്‍ഡിംഗിന് ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുകയായിരുന്നു ഇന്‍ഡിഗോ വിമാനം. ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരു വിമാനങ്ങളുടെയും ചിറകിന്റെ അറ്റത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നുള്ള സര്‍വീസുകള്‍ ഇരു വിമാനങ്ങളും റദ്ദാക്കി.
സംഭവത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് വിമാനങ്ങളും എങ്ങനെ അടുത്തേക്ക് വന്നു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുംബൈ വിമാനത്താവളത്തിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടര്‍ന്നു.
രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈയില്‍ നടന്ന ഈ സംഭവം വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെയും എയര്‍ ട്രാഫിക് മാനേജ്മെന്റിനെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications