മുംബൈ ആക്രമണത്തിന് മുന്‍പ് തഹാവൂര്‍ റാണ കൊച്ചിയില്‍ ആരെയൊക്കെ സന്ദര്‍ശിച്ചു, വിളിച്ചു? തെളിവെടുപ്പ് വൈകാതെ
ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘം റാണയെ വൈകാതെ കൊച്ചിയില്‍ എത്തിക്കും. മുംബൈ സ്‌ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയില്‍ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എന്‍ഐഎ പ്രധാനമായും പരിശോധിക്കുന്നത്.
കനേഡിയന്‍ പൗരനായ റാണയ്ക്ക് കൊച്ചിയില്‍ പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.

2008 നവംബര്‍ 26 നാണ് മുംബൈ ഭീകരാക്രമണം നടന്നത്. ആക്രമണത്തിന് പത്ത് ദിവസം മുമ്പ് നവംബര്‍ പതിനാറിനാണ് റാണ മറൈന്‍ ഡ്രൈവിലെ താജ് റെസിഡന്‍സി ഹോട്ടലില്‍ താമസിച്ചത്. ഭാര്യയ്‌ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സന്ദര്‍ശനം എന്നായിരുന്നു അന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നത്. ഇവിടെ നിന്ന് 13 ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകള്‍ കണ്ടെത്താന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആരെയെങ്കിലും നേരിട്ടു കേണ്ടാ എന്നതും പരിശോധിക്കും.
കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദര്‍ശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന് പുറമേ കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്.
റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കൊച്ചിയില്‍ എത്തും മുന്‍പ് ഒരു ഇംഗ്ലിഷ് മാധ്യമത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കിയിരുന്നു. ഒരു ആഡംബര ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതിനിടെ, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് ദുബായിലെന്നും സൂചന ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു മുന്‍പായി റാണ ദുബായില്‍ ഒരാളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അമേരിക്കയാണ് ഇത് സംബന്ധിച്ച സുപ്രധാന വിവരം ഇന്ത്യക്ക് കൈമാറിയത്. ശബ്ദ സാമ്പിള്‍ പരിശോധനയ്ക്ക് റാണ വിസമ്മതിച്ചതോടെ കോടതിയുടെ അനുമതി തേടാനാണ് എന്‍ഐഎയുടെ നീക്കം.
ശക്തമായ സുരക്ഷയിലാണ് ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് റാണയെ ചോദ്യം ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാര്‍ക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലില്‍ പ്രത്യേകം ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications