മുംബൈയിലെ ട്രാഫിക് ബ്ലോക്ക് പഴങ്കഥ; വരുന്നത് നാല് പുതിയ യമണ്ടന്‍ പാലങ്ങള്‍, അടിമുടി മാറും
മുംബൈ നഗരത്തിലെ ഗതാഗത കുരുക്കിന് അവസാനമാകുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ മികച്ച രീതിയില്‍ ബന്ധിപ്പിക്കുന്നതിനുമായി, ദാദര്‍ മുതല്‍ ഘാട്കോപ്പര്‍ വരെ നാല് പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് മുംബൈയിലെ പഴക്കം ചെന്ന റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ ഒരുങ്ങുകയാണ്.
ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും മഹാരാഷ്ട്ര റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ക്ക് ഏകദേശം 1,179 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാകുന്ന ഈ നാല് പാലങ്ങള്‍, മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ ക്രോസിംഗുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളിലും വലിയ ആശ്വാസം നല്‍കും.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതി, 112 വര്‍ഷം പഴക്കമുള്ള എല്‍ഫിന്‍സ്റ്റോണ്‍ പാലം മാറ്റിസ്ഥാപിച്ച് പകരം മുംബൈയിലെ ആദ്യത്തെ ഡബിള്‍-ഡെക്കര്‍ റോഡ് മേല്‍പ്പാലം നിര്‍മ്മിക്കുന്നതാണ്. ഇതിനായി പഴയ എല്‍ഫിന്‍സ്റ്റോണ്‍ പാലം ഇതിനകം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഈ പുതിയ പാലം സെവ്രി-വോര്‍ലി കണക്റ്ററിന്റെ ഭാഗമാവുകയും ചെയ്യും. ഡബിള്‍-ഡെക്കര്‍ പാലത്തിന് നാല് വരികളുള്ള രണ്ട് തട്ടുകള്‍ ഉണ്ടായിരിക്കും.
താഴത്തെ തട്ട് റെയില്‍വേ ട്രാക്കുകള്‍ക്ക് കുറുകെ പ്രാദേശിക ഗതാഗതത്തെ സഹായിക്കുമ്പോള്‍, മുകളിലത്തെ തട്ട് വരാനിരിക്കുന്ന റോഡ് കണക്റ്ററുമായി ബന്ധിപ്പിക്കും. താഴത്തെ നിലയില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതകളും ഒരുക്കും. നിലവില്‍ അടിസ്ഥാന സൗകര്യ നിര്‍മ്മാണവും ഗര്‍ഡറുകള്‍ ഘടിപ്പിക്കലും നടന്നുവരികയാണ്. 2026 നവംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദാദറിലുള്ള, നൂറ്റാണ്ട് പഴക്കമുള്ള നിലവിലെ തിലക് പാലത്തിന് പകരം 600 മീറ്റര്‍ നീളമുള്ള കേബിള്‍-സ്റ്റേഡ് പാലം ആണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള രണ്ട് വരി പാതയുള്ള പാലത്തേക്കാള്‍ മൂന്നിരട്ടി ശേഷിയുള്ള, ആറ് വരികളുള്ളതായിരിക്കും പുതിയ പാലം. 2019-ല്‍ നടത്തിയ ഘടനാപരമായ പരിശോധനയില്‍ നിലവിലെ പാലം മാറ്റിസ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഈ പാലം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക പാതയാണ്. മുംബൈയിലെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണം ഏകദേശം 70 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു.
2027 ഏപ്രിലോടെ ഇത് തുറന്നുകൊടുക്കാനാണ് സാധ്യത. തുടര്‍ന്ന് നിലവിലുള്ള പാലം പൊളിച്ച് നീക്കുകയും അതിന് സമാന്തരമായി മറ്റൊരു ഭാഗം നിര്‍മ്മിക്കുകയും ചെയ്യും. ബൈക്കുളയിലെ നൂറ്റാണ്ട് പഴക്കമുള്ള 'വൈ' പാലവും മാറ്റിസ്ഥാപിക്കുന്നുണ്ട്. ബൈക്കുള-ദാദര്‍ ഇടനാഴിയില്‍ 916 മീറ്റര്‍ നീളമുള്ള കേബിള്‍-സ്റ്റേഡ് പാലമാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.
സെന്‍ട്രല്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെയോ റെയില്‍വേ ഗതാഗതത്തെയോ തടസ്സപ്പെടുത്താതെ 1,500 ടണ്‍ ഭാരമുള്ള സ്റ്റീല്‍ സ്പാന്‍ സ്ഥാപിക്കുക എന്നത് എഞ്ചിനീയറിംഗ് രംഗത്തെ വലിയ വെല്ലുവിളികളിലൊന്നായിരുന്നു. 2026 ഡിസംബറോടെ പുതിയ പാലം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കന്‍ മുംബൈയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നിലെ ഗതാഗതം സുഗമമാക്കുന്നതിനായി 'ഡ്യുവല്‍-കാര്യേജ്വേ' സംവിധാനത്തോടെയാണ് ഇത് നിര്‍മ്മിക്കുന്നത്.





Click it and Unblock the Notifications