യുവതിയെ കൊലപ്പെടുത്തി;ഓട്ടോറിക്ഷയിലും ലോക്കല്‍ ട്രെയിനിലും കയറ്റി, റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
മുംബൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സരിക ചാല്‍കെ(30) എന്ന യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാഹിം മാതുംഗ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
മുംബൈയിലെ ഗോറിഗോവ് ഫിലിം സിറ്റിക്ക് സമീപമുള്ള സന്തോഷ് നഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട സരിക. ഇവര്‍ വീട്ടുജോലി ചെയ്തിരുന്ന സാറ്റ്ലൈറ്റ് ടവറിലാണ് പ്രതിയായ വികാസ് കൈര്‍നാറും ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്ന് സന്തോഷ് നഗര്‍ നിവാസികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സരികയുടെ വയറ്റിലും കയ്യിലും മുറിവുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിലും ലോക്കല്‍ ട്രെയിനിലും കയറ്റി എത്തിച്ച മൃതദേഹമാണ് പാളത്തില്‍ ഉപേക്ഷിച്ചത്.
റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുനതി സരികയാണെന്ന് തെളിഞ്ഞത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ അടുത്തിടെ റജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസുകളില്‍നിന്നാണ് സരികയുടെ ഭര്‍ത്താവിന്റെ പരാതി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സരികയുടെ ഭര്‍ത്താവിനെ പൊലീസ് ബന്ധപ്പെട്ടു. ഇദ്ദേഹത്തില്‍ നിന്നാണ് സരിക മേയ് 23ന് ജോലിക്കു പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും അറിയാന്‍ സാധിച്ചത്.
ജോലി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സരിക മേയ് 23ന് ജോലിക്ക് എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൈര്‍നാറില്‍നിന്ന് സരിക 3000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും പണം തിരികെ ലഭിക്കാനായി സരികയോട് നിരന്തരം ചോദിച്ചിരുന്നെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൊലപെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഇരുവരും ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയില്‍ വെച്ചാണ് മേയ് 23ന് വൈകിട്ട് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൈര്‍നാര്‍ സരികയുടെ മൃതദേഹം ചാക്കില്‍ കെട്ടുകയും രണ്ടു ചാക്കുകള്‍ വെച്ച് അത് വീണ്ടും മൂടുകയും ചെയ്തു. ചാക്കില്‍ എന്താണെന്ന് ചോദിച്ചവരോട് ചവറാണെന്നും പുറത്തു കളയാന്‍ കൊണ്ടു പോകുകയാണെന്നും ഇയാള്‍ പറഞ്ഞു.
ചാക്കുമായി ഓട്ടോയില്‍ കയറിയ ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും വിവിധ ലോക്കല്‍ ട്രെയിനുകള്‍ മാറിക്കയറി മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications