ദില്ലിയിൽ വീണ്ടും ഒഴിപ്പിക്കൽ നടപടി തുടങ്ങി മുനിസിപ്പൽ കോർപറേഷൻ
ദില്ലി; ഒഴിപ്പിക്കൽ നടപടി വീണ്ടും തുടങ്ങി ദില്ലി മുനിസിപ്പൽ കോർപറേഷൻ. തുഗ്ലക്കാബാദിലെ കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച് ഭാഗത്താണ് ബുധനാഴ്ചയോടെ കെട്ടിടങ്ങൾ വീണ്ടും പൊളിച്ച് നീക്കി തുടങ്ങിയത്. വൻ പോലീസ് അകമ്പടിയോടെയാണ് നടപടി. മെയ് 13 വരെ മേഖലയിൽ പൊളിക്കൽ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ ദില്ലിയിലെ പല ഭാഗങ്ങളിലേയും അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യ ദിവസം മെഹ്‌റൗളി ബദർപൂർ റോഡിലും കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലും പരിസരത്തുമുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. അഞ്ചിന് കാളിന്ദി കുഞ്ച് മെയിൻ റോഡ്, കാളിന്ദി കുഞ്ച് പാർക്ക് മുതൽ ജാമിയ നഗർ പോലീസ് സ്റ്റേഷൻ വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കും. ആറിന് ശ്രീനിവാസ്പുരി പ്രൈവറ്റ് കോളനി മുതൽ ഓഖ്‌ല റെയിൽവേ സ്റ്റേഷൻ ഗാന്ധി ക്യാമ്പ് വരേയും പൊളിക്കൽ യഞ്ജം നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഷഹീൻബാഗ് ജി ബ്ലോക്ക്, ജസോല, ജസോല നാലേ, കാലിന്ദി ഗുഞ്ച് പാർക്ക്, ന്യൂ ഫ്രണ്ട്സ് കോളനി, ബുദ്ധ ധരം മന്ദിർ, ഗുരുദ്വാര റോഡ്, ലോധി കോളനി, മെർച്ചന്റ് മാർക്കറ്റ്, സായി മന്ദിർ, ജവർലാൽ നെഹ്റി സ്റ്റേഡിയം, ദിൻസേൻ മാർ, തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കും. കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക കടകളുമാണ് പൊളിച്ച് നീക്കുന്നത്.
അതേസമയം യാതൊരു നോട്ടീസുകളും നൽകാതെയാണ് കോർപ്പറേഷൻ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. എന്നാൽ അനധികൃത കൈയേറ്റങ്ങൾ പൊളിക്കുന്നതിനും റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിനും കാലേകൂട്ടി നോട്ടീസ് നൽകേണ്ട കാര്യമില്ലെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജ്പാൽ സിംഗ് പ്രതികരിച്ചത്.
Recommended Video
നേരത്തേ ജഹാംഗീർപുരിയെ അനധികൃത കെട്ടിട്ടങ്ങൾ ഒഴിപ്പിച്ച ദില്ലി കോർപറേഷൻ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് കൊണ്ട് നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് കോർപറേഷൻ പൊളിച്ച് നീക്കിയിരുന്നു. തുടർന്ന് വിഷയത്തില് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications