ഉത്തര്‍ പ്രദേശില്‍ മുസ്ലിം പണ്ഡിതന്‍ അറസ്റ്റില്‍; കലാപത്തിന് ശ്രമിച്ചു എന്ന് കേസ്, ഇന്റര്‍നെറ്റ് റദ്ദാക്കി
ലഖ്‌നൗ: ഐ ലൗ മുഹമ്മദ് എന്ന നബിദിന പ്രചാരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍ പ്രദേശില്‍ നിരവധി കേസുകളും അറസ്റ്റും. ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന തൗഖീര്‍ റാസ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. മുസ്ലിം പണ്ഡിതന്റെ അറസ്റ്റിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നു.
അക്രമികളെ പാഠം പഠിപ്പിക്കും, ആരാണ് യുപി ഭരിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ലേ എന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബറേലിയില്‍ നടന്ന പരിപാടിയില്‍ മുന്നറിയിപ്പ് നല്‍കി. മൗലാന തൗഖീര്‍ റാസയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. ഇദ്ദേഹത്തെ കൂടാതെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബറേലിയിലില്‍ ഐ ലൗ മുഹമ്മദ് പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് കുത്തിയിരിപ്പ് സമരം നടത്തുമെന്ന് തൗഖീര്‍ റാസ പ്രഖ്യാപിച്ചു. വലിയ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയത്. കല്ലേറുണ്ടായി എന്ന് ആരോപിച്ച് പോലീസ് ലാത്തി വീശി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഈ കേസിലാണ് തൗഖീര്‍ റാസയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. കലാപമുണ്ടാക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബറേലിയില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ഐ ലൗ മുഹമ്മദ് പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി എടുത്തതില്‍ പ്രതിഷേധിക്കാന്‍ തൗഖീര്‍ റാസ ആഹ്വാനം ചെയ്തിരുന്നു.
വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 38 പേരെ അറസ്റ്റ് ചെയ്തുവെന്ന് ബറേലി ജില്ലാ ഭരണകൂടം അറിയിച്ചു. 200 സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ബറേലിയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരുടെ കല്ലേറില്‍ 22 പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും ഓഫീസര്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശ് ആരാണ് ഭരിക്കുന്നത് എന്ന് മുസ്ലിം പണ്ഡിതന്‍ മറന്നുപോയി എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അവരുടെ ഭാവി തലമുറ എക്കാലവും ഓര്‍ക്കുന്ന രീതിയില്‍ പാഠം പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നബിദിന പ്രചാരണത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ പരാതിയിലാണ് പലയിടത്തും കേസെടുത്തിട്ടുള്ളത്.
ഇതിനെതിരെ വെള്ളിയാഴ്ച നമസ്‌കാര ശേഷം പ്രതിഷേധം സംഘടിപ്പിക്കാന്‍ ബറേലിയിലും മാവു ജില്ലയിലും ആഹ്വാനമുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞതോടെ നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഇവര്‍ക്കെതിരെ പോലീസ് ലാത്തിവീശി. ബറേലിയിലെ ഇസ്ലാമിയ ഗ്രൗണ്ടിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ ഐ ലൗ മുഹമ്മദ് പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റ് നടന്നു. പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് അസദുദ്ദീന്‍ ഉവൈസിയും ഉമര്‍ അബ്ദുല്ലയും ചോദിച്ചു.












Click it and Unblock the Notifications