'ഇവിടെ കണ്ടുപോവരുത്': ഹരിദ്വാറിലെ ഘാട്ടിൽ നിന്നും മുസ്ലിം കുടുംബത്തെ പുറത്താക്കിയതായി ആരോപണം
ഹരിദ്വാർ: തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിലെ മഹാരാജ അഗ്രസെൻ ഘാട്ടിൽ നിന്ന് മുസ്ലീം കുടുംബത്തെ പുറത്താക്കിയതായി ആരോപണം. ഘാട്ടില്‍ സന്ദർശനത്തിനെത്തിയ കുടുംബത്തിന് നേരെ ഒരു യുവാവ് രംഗത്ത് വരുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. "ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളു, മറ്റുള്ളവർക്ക് ഇവിടേക്ക് വരാന്‍ അനുമതിയില്ല. വേഗം പുറത്ത് പോവു. ഇനി ഒരിക്കല്‍ കൂടി നിങ്ങളെ ഇവിടെ കാണാന്‍ ഇടയാവരുത്" എന്ന് യുവാവ് കുടുംബത്തോട് ആക്രോശിക്കുന്നതാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതോടെ യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 'കുടുംബം ഘാട്ടിൽ മാലിന്യം തള്ളുന്നത് കണ്ടതോടെയാണ് ഞാന്‍ പ്രതികരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോയിലുള്ളയാൾ അവകാശപ്പെട്ടു' പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഹർ കി പൗരിയിൽ നിന്ന് 4 കിലോമീറ്റർ അകലെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജ്വാലപൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന മഹാരാജ അഗ്രസെൻ ഘട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. 'ജ്വാലപൂർ പോലീസിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. മുസ്ലീം കുടുംബത്തെ പറഞ്ഞുവിട്ട ആളെ ഞങ്ങൾ തിരിച്ചറിഞ്ഞു, അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്.' ജ്വാലപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) നിതേഷ് ശർമ്മ പറഞ്ഞു.
അതേസമയം, നദീതീരത്ത് മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പ്രാദേശിക അധികാരികൾ വ്യക്തമാക്കി. എന്നാല്‍ ഘാട്ട് പരിപാലിക്കുന്ന 'മഹാരാജ അഗ്രസെൻ ഘട്ട് സമിതി'യുടെ ജനറൽ സെക്രട്ടറി കൂടിയായ പ്രാദേശിക ബിജെപി അംഗം വിശാൽ ഗാർഗ് യുവാവിനെ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നു. 'മുസ്ലീം കുടുംബം ഘട്ടിൽ മാലിന്യം തള്ളുകയായിരുന്നു, ആ യുവാവ് ശരിയായ കാര്യമാണ് ചെയ്തത്. പവിത്രമായ ഗംഗയെ മലിനമാക്കുന്നതിനെ എതിർക്കേണ്ടതാണ്' വിശാൽ ഗാർഗ് പറഞ്ഞു.












Click it and Unblock the Notifications