'പരിഹസിച്ച് പറഞ്ഞതാണ്..'; മുസ്ലിം സ്ത്രീകളുടെ പിന്തുണ ബിജെപിക്കെന്ന പരാമര്‍ശത്തില്‍ വഹാബ്
മലപ്പുറം: മുത്തലാഖ് നിരോധനത്തിന് ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബി ജെ പിക്കാണ് എന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവും എം പിയുമായ പി വി അബ്ദുള്‍ വഹാബ്. താന്‍ അങ്ങനെ പറഞ്ഞത് പരിഹാസ രൂപേണ ആണെന്നും അത് വിവാദമാക്കുകയായിരുന്നു എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. ബി ജെ പിയെ പരസ്യമായി എതിര്‍ക്കുകയാണ് താന്‍ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി തനിക്കെതിരായി ഉപയോഗിക്കുകയിരുന്നു എന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്കാര്‍ എപ്പോഴും മുത്തലാഖ് എന്ന് പറയുന്നവരാണ്. മുസ്ലിം വനിതകളെ വിമോചിതരാക്കിയവരാണെന്ന ക്രെഡിറ്റ് അവകാശപ്പെടുമ്പോള്‍ മുസ്ലീം സ്ത്രീകളൊക്കെ നിങ്ങള്‍ക്കൊപ്പമാണല്ലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് സംവരണവും കൊടുക്കൂ എന്നാണ് താന്‍ പറഞ്ഞത് എന്ന് വഹാബ് വ്യക്തമാക്കി.

എന്നാല്‍ ഈ വാക്കുകള്‍ അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുകയായിരുന്നുവെന്നും വഹാബ് പറഞ്ഞു. എല്ലാ മുസ്ലീം സ്ത്രീകളും ബി ജെ പിയില്‍ പോയി എന്ന് ഒരു മുസ്ലീം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ എന്നും അദ്ദേഹം ചോദിച്ചു. വനിതാ സംവരണ ബില്‍ ഈ രൂപത്തില്‍ കൊണ്ടുവന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും എന്നാല്‍ അതുകൊണ്ടൊന്നും ബി ജെ പി അടുത്ത തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്നും വഹാബ് വ്യക്തമാക്കി.
താന്‍ ബി ജെ പിക്ക് അനുകൂലമായി സംസാരിച്ചു എന്ന് വ്യാഖ്യാനിക്കുന്നവര്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ കുറിക്ക് കൊള്ളുന്നതെന്നു പറഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പുറത്തുതട്ടി അഭിനന്ദിച്ചിരുന്നെന്നും ബി ജെ പിക്കിട്ട് കുത്തിയെന്ന തരത്തില്‍ അവരുടെ ഒരു എം പിയും പറഞ്ഞിരുന്നു എന്നും വഹാബ് പറഞ്ഞു. മുസ്ലീങ്ങള്‍ക്കിടയില്‍ മുത്തലാഖ് സജീവമല്ല.
ഇനി അഥവാ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ഉപയോഗിക്കുന്നത് .001 ശതമാനം ആളുകളായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അതിനായി ഒരു നിയമം ഉണ്ടാക്കി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് പറഞ്ഞ് വോട്ട് പിടിക്കുകയാണ് എന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു അബ്ദുള്‍ വഹാബിന്റെ വിവാദ പരാമര്‍ശം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.












Click it and Unblock the Notifications