കടുത്ത അവഗണന ബജറ്റിന്റെ മുഖമുദ്ര: വികസന-ക്ഷേമ കാഴ്ചപ്പാടില്ലെന്ന് മുസ്ലിം ലീഗ് എംപിമാര്‍
ന്യൂഡല്‍ഹി: വികസനം, ക്ഷേമം എന്നിവയോട് മുഖം തിരിച്ച ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് എന്ന് മുസ്ലിം ലീഗ് എംപിമാര്‍. വികസന പ്രതിസന്ധി, സാമ്പത്തിക അനിശ്ചിതത്വം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ഗ്രാമീണ ജനതയുടെ വിമോചന മാര്‍ഗങ്ങള്‍ എന്നിവയെ പൂര്‍ണ്ണമായും അവഗണിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീറും എംപി അബ്ദുസമദ് സമദാനിയും ബജറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇന്നത്തെ കാലഘട്ടത്തില്‍ ഒരു രാജ്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത് വിജ്ഞാനവും അറിവും ആധാരമാക്കിയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പദ് ഘടന തന്നെ വിജ്ഞാനാധിഷ്ഠിതമായ ഒരു വ്യവസ്ഥയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ വിഭവ ശേഷിയെ തിരിച്ചറിഞ്ഞ് രാജ്യത്തെ ആ മേഖലയില്‍ മുന്നോട്ട് നയിക്കുന്ന യാതൊരു സമീപനവും ഈ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കേരളത്തിന് അര്‍ഹമായ ഒരു പ്രധാന ആനുകൂല്യം പോലും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തിന് എയിംസ് ലഭിക്കുമെന്ന വലിയ പ്രതീക്ഷ ഇത്തവണയും നിശ്ചലമായിരിക്കുകയാണ്. ഇതോടൊപ്പം, വിദേശ രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി വരികയാണ്. ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശം പോലും ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പ്രധാന വികസന പ്രശ്‌നങ്ങളിലൊന്നാണ് തീരദേശ മേഖലകളുടെ പിന്നോക്കാവസ്ഥ. തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഈ മേഖലകളുടെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട യാതൊരു കാഴ്ചപ്പാടും ബജറ്റില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതി ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന രംഗത്ത് വിലപ്പെട്ട ഒരു മുന്നേറ്റമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഈ പദ്ധതിയെ വികലമാക്കി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കൊണ്ടുപോയതെന്നും എംപിമാര്‍ ആരോപിച്ചു.
സമഗ്ര വികസനവും സാമൂഹ്യ നീതിയും ഉറപ്പാക്കി പ്രാന്തവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട ബജറ്റിന്റെ സ്ഥാനത്ത്, അവര്‍ക്കെതിരായ പ്രതികൂല സമീപനമാണ് ഈ ബജറ്റിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications