ഹിജാബ് നിരോധനം: ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻ ലീഗ് എം പിമാർ
ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. ഹിജാബിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ പരാതിക്കാരായ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനിടെ ഹിജാബ് വിഷയത്തിൽ ലോകസഭയിൽ നാളെ മുസ്‌ലിം ലീഗ് എം പിമാർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും.
ഹിജാബ് സംബന്ധിച്ചുണ്ടായ നിർഭാഗ്യകരമായ കർണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിൻ്റെ സുരക്ഷക്ക് വേണ്ടി സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമായിത്തീർന്നിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും രാജ്യസഭാംഗമായ പി.വി. അബ്ദുൽ വഹാബും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഹിജാബ് മതപരമായ വിശ്വാസത്തിൻ്റെയും അനുഷ്ഠാനത്തിൻ്റെയും ഭാഗമാണെന്ന വസ്തുത അവിതർക്കിതമാണ്. ആ നിലയിൽ മതസ്വാതന്ത്ര്യത്തിൻ്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ് എന്ന വസ്ത്രധാരണ രീതി.
ആരിലും അത് അടിച്ചേല്പിക്കാനല്ല, സ്വന്തം ജീവിതത്തിൽ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവർ ആവശ്യമുന്നയിച്ചത്. അതാകട്ടെ, ഭരണഘടനയുടെയും അതിൻ്റെ അടിസ്ഥാന താൽപര്യമായ മതേതരത്വത്തിൻ്റെയും ആധുനിക സമൂഹം ആദരിച്ചംഗീകരിക്കുന്ന ബഹുസ്വരതയുടെയും അനിവാര്യതാൽപര്യവുമാണ്. ഹൈക്കോടതി വിധിയിൽ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകൾ സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എം.പിമാർ പറഞ്ഞു.
ലോക്സഭയിൽ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് എം.പിമാർ അറിയിച്ചു.

പിവി അബ്ദുൾ വഹാബ് എംപിയുടെ പ്രതികരണം: '' ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്. മതസ്വാതന്ത്ര്യത്തിനു വേണ്ടി സുപ്രിംകോടതിയുടെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്. ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുതയിൽ തർക്കത്തിന് പ്രസക്തിയില്ല. മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ്. ഭരണഘടനാപരമായ ഈ അവകാശം ലംഘിക്കുന്നത് നോക്കി നിൽക്കാനാവില്ല. അവകാശ സംരക്ഷണത്തിന് നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. മുസ്‌ലിംലീഗ് എം.പിമാർ നാളെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബഹുസ്വരത നിലനിൽക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്''.












Click it and Unblock the Notifications