മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി; തീരുമാനം മന്ത്രിസഭ യോഗത്തിൽ.. അസമും ഏകീകൃത സിവിൽ കോഡിലേക്ക്
ഗുവാഹത്തി: അസമിൽ മുസ്ലീം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ റദ്ദാക്കാൻ സർക്കാർ. മന്ത്രിസഭ യോഗത്തിൽ മന്ത്രി ജയന്ത് മല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യപടിയാണ് തീരുമാനമെന്നും ജയന്ത് മല്ല വ്യക്തമാക്കി.
'1935-ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ 94 മുസ്ലീം രജിസ്ട്രാർമാർ സംസ്ഥാനത്ത് മുസ്ലീം വിവാഹങ്ങളുടെ രജിസ്ട്രേഷനും വിവാഹമോചനവും നടത്തിവരുന്നുണ്ട്. അത് റദ്ദ് ചെയ്തിരിക്കുകയാണ്. മന്ത്രിസഭ തീരുമാനത്തോടെ ഇനി ഈ നിയമത്തിലൂടെ മുസ്ലീം വിവാഹ രജിസ്ട്രേഷനോ വിവാഹമോചന രജിസ്ട്രേഷനോ നടത്താൻ സാധിക്കില്ല. അവർ ഇനി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണം', മന്ത്രി പറഞ്ഞു. ഈ നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന 94 രജിസ്ട്രാർമാരെ ബന്ധപ്പെട്ട നടപടികൾ ജില്ലാ കമ്മീഷണർമാർ ഏറ്റെടുക്കുമെന്നും അവർക്ക് ഒറ്റത്തവണ സാമ്പത്തിക നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

അതേസമയം ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിന് തീരുമാനം ഗുണം ചെയ്യുമെന്നായിരുന്നു നിയമങ്ങൾ റദ്ദാക്കാനുള്ള നീക്കത്തെ കുറിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. 'മുസ്ലീം വിവാഹവും വിവാഹമോചന രജിസ്ട്രേഷൻ നിയമവും റദ്ദ് ചെയ്യാനുള്ള സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ് സർക്കാർ. വധൂവരന്മാർക്ക് നിയപരമായി വിവാഹം കഴിക്കാനുള്ള പ്രായപരിധിയായ 18-ഉം 21-ഉം വയസ് എത്തിയില്ലെങ്കിൽ പോലും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥകൾ ഉള്ളതാണ്. അസമിൽ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം', ഹിമന്ത എക്സിൽ കുറിച്ചു.
ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാനുള്ള അസം സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി ഹിമന്ത പലതവണ സൂചിപ്പിച്ചിരുന്നു.
ഉത്തരാഖണ്ഡ് ആയിരുന്ന രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനം. ഇനി ബി ജെ പി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ ഏകീകൃത ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 മുതൽ ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനുവദിക്കുമെന്നത്.












Click it and Unblock the Notifications