ഒരൊറ്റ മുസ്ലിം എംഎല്‍എ പോലുമില്ലാതെ ബിജെപി; കോണ്‍ഗ്രസില്‍ മറിച്ച്, ടിവികെയില്‍ ഒന്ന് മാത്രം
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമുള്ള നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് ഒരു മുസ്ലിം എംഎല്‍എ പോലുമില്ല. അസമിലും ബംഗാളിലും പുതുച്ചേരിയിലും ഭരണത്തിലെത്തിയ ബിജെപി മുസ്ലിം സമൂഹത്തെ പാടേ അവഗണിച്ചു. അസമിലും ബംഗാളിലും മുസ്ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി നടത്തിയത് എന്നു കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പറയുന്നു.
മുസ്ലിം എംപിമാര്‍ ബിജെപിക്കില്ലാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രധാന ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് ഒരംഗം പോലുമില്ലാത്തതാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. സമാനമായ വിവരം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുമുള്ളത്. അതേസമയം, അസമിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 90 ശതമാനം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. 2011ലെ കണക്കു പ്രകാരം ബംഗാളിലെ മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 294 അംഗ നിയമസഭയില്‍ 40 മുസ്ലിം എംഎല്‍എമാരാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. അതായത്, 13.65 ശതമാനം. 206 സീറ്റിന്റെ പിന്തുണയില്‍ ഭരണം പിടിച്ച ബിജെപിയില്‍ മുസ്ലം എംഎല്‍എ ഇല്ല.
തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റാണ് ലഭിച്ചത്. ഇതില്‍ 34 പേര്‍ മുസ്ലിങ്ങളാണ്. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും മുസ്ലിങ്ങളാണ്. സിപിഎമ്മിന് ലഭിച്ച ഒരു എംഎല്‍എ മുസ്ലിം സമുദായത്തില്‍ നിന്നാണ്. എജെയുപിക്ക് രണ്ട്, ഐഎസ്എഫിന് ഒന്ന് എന്നിങ്ങനെയാണ് മുസ്ലിം എംഎല്‍എമാരുടെ എണ്ണം. ബംഗാളില്‍ പല മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചതാണ് ബിജെപിയുടെ ജയം എളുപ്പമാക്കിയത് എന്ന വിലയിരുത്തലുമുണ്ട്.
'കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗ്'
ബംഗാളില്‍ മുസ്ലിങ്ങളെ ബിജെപി നുഴഞ്ഞുകയറ്റക്കാര്‍ എന്ന് മുദ്രകുത്തിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അസമില്‍ മിയ മുസ്ലിങ്ങള്‍ എന്നും വിളിച്ചുവത്രെ. അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിങ്ങളെ വെടിവയ്ക്കുന്ന തരത്തില്‍ പ്രചാരണ വേളയില്‍ വീഡിയോ പുറത്തിറക്കിയതും വിവാദമായിരുന്നു. അസമില്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനൊപ്പവും ഹിന്ദുക്കള്‍ ബിജെപിക്കൊപ്പവും നിന്നു എന്നും ഫലം വ്യക്തമാക്കുന്നു.
അസമില്‍ കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണുള്ളത്. ഇതില്‍ 18 പേരും മുസ്ലിങ്ങളാണ്. റയ്‌ജോര്‍ ദളിന്റെ രണ്ടില്‍ ഒരു എംഎല്‍എ മുസ്ലിമാണ്. തൃണമൂലിന്റെ ഏക എംഎല്‍എയും എഐയുഡിഎഫിന്റെ രണ്ട് എംഎല്‍എമാരും മുസ്ലിങ്ങളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് അസം. ഇവിടെ മുസ്ലിം ജനസംഖ്യ 34 ശതമാനമാണ്. എന്നാല്‍ മുസ്ലിം എംഎല്‍എമരുടെ പ്രാതിനിധ്യം 13 ശതമാനവും.
കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗ് ആണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പേരുകള്‍ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ചിടത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 664 പേരെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. ഇതില്‍ 520 പേര്‍ ഹിന്ദുക്കളും 80 പേര്‍ മുസ്ലിങ്ങളും 64 പേര്‍ മറ്റു മതസ്ഥരും ആയിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ മറുപടി നല്‍കി.
കേരളത്തില്‍ 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 8 പേരാണ് മുസ്ലിങ്ങള്‍. സിപിഎമ്മിന് നാലും സിപിഐക്ക് ഒന്നുമുണ്ട്. തമിഴ്‌നാട്ടില്‍ ടിവികെ, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോ മുസ്ലിം എംഎല്‍എമാരാണുള്ളത്. ഡിഎംകെക്ക് മൂന്നും മുസ്ലിം ലീഗിന് രണ്ടും മുസ്ലിം എംഎല്‍എമാരുണ്ട്. പുതുച്ചേരി നിയമസഭയില്‍ മുസ്ലിം എംഎല്‍എമാരില്ല.












Click it and Unblock the Notifications