മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ബജ്‌റംഗ്ദളിന്റെ മര്‍ദ്ദനം; ശേഷം കേസും, പോലീസിന്റെ വിശദീകരണം ഇങ്ങനെ
ലഖ്‌നൗ: ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ജന്മദിനാഘോഷം സംഘടിപ്പിച്ച കഫേയിലേക്ക് അക്രമികള്‍ കൂട്ടത്തോടെ എത്തി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്തില്ലെന്നും മര്‍ദ്ദനമേറ്റ മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ പോലീസ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.
ഉത്തര്‍ പ്രദേശിലെ ബറേലി നഗരത്തിലാണ് സംഭവം. സഹപാഠിയുടെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു മുസ്ലിം വിദ്യാര്‍ഥികള്‍. ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. എല്ലാവരും നഴ്‌സിങ് വിദ്യാര്‍ഥികളാണ്. ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ മുസ്ലിങ്ങളായിരുന്നു. ഇവരെയാണ് അതിക്രമിച്ച് വന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ലൗ ജിഹാദ് നടത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ എത്തിയത്. തന്റെ സഹപാഠികളാണ് അവര്‍ എന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. അവര്‍ വളഞ്ഞിട്ട് മുസ്ലിം വിദ്യാര്‍ഥികളെ ആക്രമിച്ചു. കഫേയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസെത്തി. മുസ്ലിം വിദ്യാര്‍ഥികളെയും കഫേയുടെ ഉടമയെയും കസ്റ്റഡിയിലെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്തതിന് ഇവര്‍ക്കെതിരെ കേസെടുത്തു.
സംഭവം വിവാദമായതോടെ പോലീസ് അക്രമികള്‍ക്കെതിരെയും കേസെടുത്തു. ബജ്‌റംഗ്ദളിന്റെ പ്രാദേശിക നേതാക്കളായ ദീപക് പഥക്, റിഷബ് താക്കൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത് എന്ന് പോലീസ് പിന്നീട് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലൗ ജിഹാദ് നടന്നതിന് തെളിവ് ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജ ആരോപണമായിരുന്നു അത് എന്നും പോലീസ് വ്യക്തമാക്കി. കോളജ് വിദ്യാര്‍ഥികള്‍ സുഹൃത്തുക്കളായിരുന്നുവെന്നും വിശദീകരിച്ചു.
മുസ്ലിം വിദ്യാര്‍ഥികളെ ബജ്‌റംഗ്ദളുകാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബജ്‌റംഗ്ദളുകാര്‍ തന്നെ വീഡിയോ ഷെയര്‍ ചെയ്തു. മുസ്ലിം സുഹൃത്തുക്കള്‍ വേണ്ട എന്ന കുറിപ്പിനൊപ്പമാണ് ചിലര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. അതേസമയം, പോലീസ് അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ് എന്ന് തെളിഞ്ഞു.
അതേസമയം, ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് നടത്താന്‍ അനുവദിക്കില്ല എന്നാണ് ബജ്‌റംഗ്ദള്‍ പറയുന്നത്. ഇത്തരം സംഭവങ്ങളോട് സഹിഷ്ണുതയുണ്ടാകില്ലെന്നും അവര്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശക്തമായ പോലീസ് നടപടി ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം എന്നും വിമര്‍ശനമുണ്ട്.












Click it and Unblock the Notifications