ബാബരി മസ്ജിദ്; പ്രതിഷേധവുമായി മുസ്ലിം സ്ത്രീകള്‍... മറക്കില്ലെന്ന് ഉവൈസി
ഹൈദരാബാദ്: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത വാര്‍ഷിക ദിനമായ ഇന്ന് ഹൈദരാബാദില്‍ സ്ത്രീകളുടെ പ്രതിഷേധം. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. 30ാം വാര്‍ഷിക ദിനമായ ഇന്ന് സൈദാബാദില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നു. മുസ്ലിം വ്യാപാരികള്‍ കടകളടച്ചും മറ്റും പ്രതിഷേധത്തില്‍ ഭാഗമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കടകളിലും വീടുകളിലും കരിങ്കൊടി ഉയര്‍ത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഡിസംബര്‍ ആറ് എന്നും കരിദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തത് അനീതിയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളി തകര്‍ത്തവരെ ഇതുവരെ ശിക്ഷിച്ചില്ല. ഇതൊന്നും ഞങ്ങള്‍ മറക്കില്ല. വരും തലമുറയിലേക്ക് കൂടി ഈ സംഭവങ്ങള്‍ ഞങ്ങള്‍ പറഞ്ഞുകൊടുക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ ചക്രവര്‍ത്തിയാണ് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത്. രാമന്‍ ജനിച്ച സ്ഥലത്താണ് പള്ളി നിര്‍മിച്ചത് എന്ന് ഹിന്ദുത്വ സംഘടനകള്‍ വാദിച്ചു. 1948ല്‍ പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചതോടെ വിവാദമുണ്ടാകുകയും പള്ളി പൂട്ടുകയും ചെയ്തു. 1986ല്‍ ശിലാന്യാസ പൂജയ്ക്ക് വേണ്ടി പള്ളി തുറന്നുകൊടുത്തു. 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ ശക്തികള്‍ പള്ളി പൊളിച്ചു.
27 വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത്. പള്ളി തകര്‍ത്തത് തെറ്റാണെന്ന് നിരീക്ഷിച്ച കോടതി സമാധാനം പുനഃസ്ഥാപിക്കാന്‍ മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തു. ഇതിനെതിരായ അപ്പീലുകള്‍ കോടതി തള്ളുകയും ചെയ്തു.
പള്ളി പൊളിച്ച ക്രിമിനല്‍ കേസില്‍ നിരവധി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പ്രതിയായിരുന്നു. എല്ലാവരെയും യുപിയിലെ സിബിഐ കോടതി വെറുതെ വിട്ടു. ഇതിനെതിരായ അപ്പീല്‍ മേല്‍ക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പള്ളി നിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുകയാണ്. 2024ല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ച കോടതി മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ മറ്റൊരിടത്ത് അനുവദിച്ചിരുന്നു.












Click it and Unblock the Notifications