കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മുസ്ലിം മന്ത്രിയുണ്ടാവും; മുസ്ലിം മേഖലയില്‍ ജയിച്ചത് ബിജെപി, മല്‍സരിപ്പിക്കാത്തതിന് കാരണം

ഉത്തര്‍പ്രദേശില്‍ മികച്ച വിജയമാണ് ബിജെപി നേടിയത്. 403 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 312 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ മുസ്ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്താതിരുന്ന ബിജെപി മുസ്ലിംകളെ വിശ്വാസത്തിലെടുക്കാന്‍ മറ്റൊരു വഴിക്ക്. മുസ്ലിം പ്രാതിനിധ്യം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ കൊണ്ടുവരാനാണ് നീക്കം. ഇതുസംബന്ധിച്ച് വെങ്കയ്യ നായിഡു സൂചന നല്‍കി.

രാജ്യ ഭരണത്തില്‍ നിര്‍ണായക സാന്നിധ്യമായ ഉത്തര്‍പ്രദേശില്‍ മികച്ച വിജയമാണ് ബിജെപി നേടിയത്. 403 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 312 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതിരുന്നത് വിമര്‍ശനത്തിനിടയാക്കി.

ബിജെപി ചില പദ്ധതികള്‍ ആവിഷ്‌കരിക്കും

ഈ സാഹചര്യത്തിലാണ് മുസ്ലിം മന്ത്രിയെ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി ആലോചിക്കുന്നത്. സമുദായത്തെ വിശ്വാസത്തിലെടുക്കാന്‍ ബിജെപി ചില പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.

സ്ത്രീകളും യുവാക്കളും ബിജെപിക്ക് വോട്ട് ചെയ്തു

ബിജെപിയുടെ ജയത്തില്‍ മുസ്ലിംകളിലെ ഒരുവിഭാഗത്തിന്റെ വോട്ട് നിര്‍ണായകമായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഒരു വിഭാഗം സ്ത്രീകളും യുവാക്കളും പാര്‍ട്ടിക്ക് വോട്ട് ചെയ്‌തെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനത്തില്‍ താല്‍പര്യമുള്ള യുവാക്കളും മുത്തലാഖിനെ എതിര്‍ക്കുന്ന സ്ത്രീകളുമാണ് വോട്ട് ചെയ്‌തെന്നാണ് അവരുടെ വാദം.

ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുസ്ലിം പ്രതിനിധി

മുസ്ലിം എംഎല്‍എ ഇല്ലെങ്കിലും ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മുസ്ലിം പ്രാതിനിധ്യമുണ്ടാവുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുസ്ലിം പ്രതിനിധികളുണ്ട്. അതില്‍ നിന്നു സര്‍ക്കാരിലേക്ക് മുസ്ലിം പ്രതിനിധികളെ ഉള്‍പ്പെടുത്താമെന്നാണ് നായിഡു പറഞ്ഞത്.

വെങ്കയ്യ വെറുംവാക്ക് പറയില്ല

വെങ്കയ്യ നായിഡുവിന് ബിജെപി നയരൂപീകരണങ്ങളില്‍ മുഖ്യ പങ്കാണുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ പാര്‍ട്ടി സ്വീകരിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയോ എന്ന് വെങ്കയ്യ വ്യക്തമാക്കിയില്ല.

 പാര്‍ട്ടിയുടെ സാമൂഹിക അടിത്തറ വ്യാപിപ്പിക്കും

വികസന, ഹിന്ദുത്വ അജണ്ടകള്‍ ഉയര്‍ത്തിയായിരുന്നു ഉത്തര്‍പ്രദേശില്‍ ബിജെപി പ്രചാരണം നടത്തിയിരുന്നത്. പാര്‍ട്ടിയുടെ പാരമ്പര്യ വോട്ട് ബാങ്കുകളെ പിടിച്ചുനിര്‍ത്താനാണ് ഹിന്ദുത്വ കാര്‍ഡ് ഇറക്കിയതെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. മുസ്ലിം മന്ത്രിയെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടിയുടെ സാമൂഹിക അടിത്തറ വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

1991ല്‍ ബിജെപി ചെയ്തത്

1991ല്‍ ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിങ് സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. മുസ്ലിം നേതാവ് ഐസാസ് റിസ്‌വിയെ നിയമസഭാ കൗണ്‍സിലിലേക്ക് കൊണ്ടുവരികയും മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഐസാസിന്റെ മകള്‍ സീമയെ 1999ല്‍ രാം പ്രകാശ് ഗുപ്ത നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരിലും മന്ത്രിയാക്കി.

മുസ്ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാത്തതിന് കാരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന ബിജെപി നടപടിയെ വെങ്കയ്യ നായ്ഡു ന്യായീകരിച്ചു. അത് പോരായ്മയാണ്. പക്ഷേ തെറ്റല്ല. വിജയിക്കാന്‍ സാധ്യതയുള്ള മുസ്ലിം സ്ഥാനാര്‍ഥിയെ കിട്ടാത്തതിനാലാണ് മല്‍സരിപ്പിക്കാതിരുന്നതെന്നും വെങ്കയ്യ പറഞ്ഞു.

 18 ശതമാനം മുസ്ലിംകളുള്ള യുപി

403 അംഗ നിയമസഭയിലേക്ക് ബിജെപി 383 സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ 22 കോടി ജനങ്ങളാണുള്ളത്. അതില്‍ 18 ശതമാനം മുസ്ലിംകളാണെന്നാണ് മുന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന ബിജെപിയുടെ നടപടി വിമര്‍ശനത്തിനിടയാക്കിയത്.

മുത്തലാഖില്‍ വോട്ട് കിട്ടി

ഒരു വിഭാഗം മുസ്ലിംകള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചിട്ടുണ്ടെന്ന് വെങ്കയ്യ പറയുന്നു. മുത്തലാഖ് വിഷയത്തില്‍ ബിജെപി സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്ന യുവതികളുടെ വോട്ടാണ് ബിജെപിക്ക് കിട്ടിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് നിരോധിക്കണമെന്നാണ് ബിജെപിയുടെ നിലപാട്.

ദയൂബന്ദില്‍ ജയിച്ചത് ബിജെപി

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദയൂബന്ദില്‍ ബിജെപിയാണ് ജയിച്ചത്. മുസ്ലിം വോട്ടുകള്‍ നിര്‍ണയകമായ 42 സീറ്റുകളില്‍ 31 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. ഈ മണ്ഡലങ്ങളിലെ മുസ്ലിംകള്‍ ബിജെപിയെ പിന്തുണച്ചുവെന്ന് വേണം കരുതാന്‍. ഈ സാഹചര്യത്തിലാണ് ബിജെപി മുസ്ലിം മന്ത്രിയെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

English summary
Muslims will get representation in the BJP government in Uttar Pradesh, though the party did not field any candidate from the community in the state assembly elections. The party got an unprecedented mandate on Saturday in India’s most populous and politically crucial state, winning 312 seats in the 403-member assembly. The plan to induct a Muslim minister is aimed at reaching out to the community that is not known to be a BJP vote base.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X