• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍

  • By Ashif

യംഗൂണ്‍: ഒരു വര്‍ഷത്തിനിടെ ഏഴ് ലക്ഷം മുസ്ലിംകളാണ് റാക്കൈനില്‍ നിന്ന് പലായനം ചെയ്തത്. സുരക്ഷ ഉറപ്പാക്കേണ്ട സൈനികര്‍ തന്നെ ബുദ്ധ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് നരനായാട്ട് തുടങ്ങിയപ്പോള്‍ ഉടുതുണി മാത്രമെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഒടുവിലെത്തിയത് കടല്‍ തീരങ്ങൡ. പിന്നാലെ സൈനിക കവചിത വാഹനങ്ങള്‍ വെടിയുണ്ടകള്‍ തുപ്പി എത്തുമെന്ന് ഉറപ്പായപ്പോള്‍ കടത്തുവള്ളങ്ങളില്‍ വലിഞ്ഞുകയറി അയല്‍രാജ്യങ്ങളില്‍ തീരമണയുകയായിരുന്നു. ഉറ്റവരും ഉടയവരും എവിടെ എന്നു പോലും പലര്‍ക്കുമറിയില്ല. വിവിധ അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ അവസ്ഥയാണിത്. ഇവര്‍ താമസിച്ചിരുന്നത് റാക്കൈനിലെ വിശാലമായ പ്രദേശം ഇന്ന് മ്യാന്മര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ജീവിച്ചിരുന്നുവെന്നതിന് യാതൊരു തെളിവും ശേഷിക്കുന്നില്ല. മുസ്ലിം വീടുകളും പള്ളികളും തകര്‍ത്ത് നിരപ്പാക്കിയിരിക്കുന്നു. പലയിടത്തും സൈനിക ക്യാംപുകള്‍ തുറക്കുകയും ചെയ്തു. രഹസ്യമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശേഖരിച്ച വിവരങ്ങള്‍ ഇങ്ങനെ...

മുസ്ലിം വീടുകള്‍ എവിടെ?

മുസ്ലിം വീടുകള്‍ എവിടെ?

മുസ്ലിംകളുടെ വീടുകളും പള്ളികളും നിന്നിരുന്ന പ്രദേശം ഇന്ന് മ്യാന്‍മര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ പഴയ കെട്ടിടങ്ങളൊന്നുമില്ല. എല്ലാം ഇടിച്ച് നിരപ്പാക്കപ്പെട്ടിരിക്കുന്നു. വലിയ സൈനിക ക്യാംപുകളാണ് ഈ മേഖലയിലുള്ളതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി ശേഖരിച്ച തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏഴ് ലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ മുസ്ലിംകളാണ് റാക്കൈനില്‍ നിന്ന് പലായനം ചെയ്തത് എന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥ സംഖ്യ ഇതിനേക്കാള്‍ വരും. പലരുടെയും കൃത്യമായ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ ശേഖരിച്ചിട്ടു പോലുമില്ല. അയല്‍രാജ്യമായ ബംഗ്ലാദേശിലും ഇന്ത്യയിലും പാകിസ്താനിലുമടക്കം എത്തിയവരുടെ കണക്കുകള്‍ സൂചിപ്പിച്ചാണ് ഏഴ് ലക്ഷം പറയുന്നത്.

വംശീയ ഉന്മൂലനം

വംശീയ ഉന്മൂലനം

പലായനം ചെയ്യുന്നതിനിടെ വിശന്ന് മരിച്ചവര്‍ നിരവധിയാണ്. നടുകടലില്‍ അകപ്പെട്ട് മരിച്ചവരും ഒട്ടേറെ. അതിനിരട്ടിയാളുകളെ സൈന്യം വെടിവച്ചുകൊന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം രണ്ടാംപകുതിയില്‍ മാത്രം ഏഴ് ലക്ഷത്തോളം മുസ്ലിംകളാണ് റാക്കൈനില്‍ നിന്ന് പലായനം ചെയ്തത്. അതിന് മുമ്പ് രാജ്യംവിട്ടവരുമുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരുമെത്തിയത് ബംഗ്ലാദേശില്‍. ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യകളെ തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അമേരിക്കയും ഐക്യരാഷ്ട്ര സഭയും മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടി വംശീയ ഉന്‍മൂലനമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ മ്യാന്‍മര്‍ സൈന്യം ആരോപണം നിഷേധിക്കുന്നു. റോഹിന്‍ഗ്യകള്‍ സൈന്യത്തെ ആക്രമിച്ചപ്പോള്‍ ചെറുക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ വാദം.

തകര്‍ത്തത് 350 ഗ്രാമങ്ങള്‍

തകര്‍ത്തത് 350 ഗ്രാമങ്ങള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മ്യാന്‍മര്‍ സൈന്യം റാക്കൈനില്‍ കൂട്ടക്കൊല നടത്തിയത്. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമാണ് റാക്കൈന്‍. ഇവിടെയുള്ള അറക്കാന്‍ പ്രദേശത്താണ് സൈന്യം ജനങ്ങളെ കൊന്നൊടുക്കിയത്. റാക്കൈനിലെ 350ലധികം ഗ്രാമങ്ങളില്‍ മുസ്ലിംകളാണ് തിങ്ങിത്താമസിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളാണ്. 350 ഗ്രാമങ്ങളും സൈന്യം അഗ്നിക്കിരയാക്കി. ഇവിടെ ആള്‍ത്താമസം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത സാഹചര്യമാണിപ്പോള്‍. തീവച്ചു നശിപ്പിച്ചതിന് പുറമെ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇന്ന് പുതിയ റാക്കൈനും അറക്കാനുമാണുള്ളത്. പഴയ നിവാസികളുടെ ശേഷിപ്പുകള്‍ ഇപ്പോള്‍ ബാക്കിയില്ല.

നിര്‍മാണങ്ങള്‍ തകൃതി

നിര്‍മാണങ്ങള്‍ തകൃതി

മുസ്ലിംകള്‍ ഇട്ടേച്ചുപോയ സ്ഥലത്ത് വ്യാപകമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ റോഡുകള്‍ വെട്ടിയിട്ടുണ്ട്. വീടുകളുടെ നിര്‍മാണങ്ങളും ആരംഭിച്ചു. മൂന്ന് കൂറ്റന്‍ സൈനിക കേന്ദ്രങ്ങളുടെ പണി തുടങ്ങിയിട്ട് ആഴ്ചകളായി. പലായനം ചെയ്തവര്‍ക്ക് പുറമെ പിറന്ന മണ്ണില്‍ നിന്ന് വിട്ടുപോരാന്‍ തയ്യാറാകാത്ത റോഹിന്‍ഗ്യന്‍ മുസ്ലിംകളെ സൈന്യം ആട്ടിയോടിക്കുകയായിരുന്നു. സൈനിക ക്യാംപുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയായിരുന്നു ഇവരെ ഒഴിപ്പിച്ചതെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ തകരാതിരുന്ന നാല് പള്ളികള്‍ ഇടിച്ചുനിരത്തി. ഡിസംബറിന് ശേഷം ഈ മേഖലയില്‍ നിന്ന് യാതൊരു കുഴപ്പങ്ങളും സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല- ആംനസ്റ്റിയുടെ ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ടിരാന ഹസന്‍ പറയുന്നു.

തിരിച്ചുവരുമോ റോഹിന്‍ഗ്യകള്‍

തിരിച്ചുവരുമോ റോഹിന്‍ഗ്യകള്‍

ഒരു പള്ളി നിന്നതിനോട് ചേര്‍ന്നാണ് പുതിയ പോലീസ് ഔട്ട്‌പോസ്റ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാക്കുന്നു. ഓങ്‌സാന്‍ സൂച്ചി ഭരണകൂടമോ സൈന്യമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിച്ചു. പുതിയ നിര്‍മാണം നടക്കുന്നത് അഭയാര്‍ഥികള്‍ക്ക് വേണ്ടിയാണെന്നാണ് അവര്‍ പറയുന്നത്. പലായനം ചെയ്തവര്‍ തിരിച്ചെത്തിയാല്‍ അവര്‍ക്ക് കൈമാറാണ് വീടുകള്‍ ഒരുക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ അഭയാര്‍ഥികളെ കൈമാറുന്ന കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ സൈന്യത്തിനും റോഹിന്‍ഗ്യന്‍ മുസ്ലിംകളല്ലാത്തവര്‍ക്കും വേണ്ടിയാണ് വീടുകള്‍ നിര്‍മിക്കുന്നതെന്ന് ആംനസ്റ്റി പറയുന്നു. അഭയാര്‍ഥികള്‍ തിരിച്ചുവരുന്നത് ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈന്യം കൂട്ടക്കൊല ചെയ്തവരുടെ ബന്ധുക്കള്‍ സൈനികര്‍ തമ്പടിക്കുന്ന പ്രദേശത്ത് ഒരിക്കലും താമസിക്കാന്‍ തയ്യാറാകില്ലെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

പതിനാല് പേരെ ചുട്ടുകൊന്ന് തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ.. രക്ഷാപ്രവർത്തനം തുടരുന്നു

രാജ്യസഭ സീറ്റ്; പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

പ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബിജെപി നേതാക്കൾ

English summary
Myanmar builds military bases on the site of Rohingya homes and mosques – report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more