ബെംഗളൂരിനേക്കാൾ കുറഞ്ഞ ജീവിത ചെലവ് മാത്രമല്ല, സമാധാനവും മൈസൂരാണ്; ചർച്ചയായി വീഡിയോ
ഇന്ത്യയിലെ ടയർ-2 നഗരങ്ങളിൽ ഒരു സമ്പന്നനെ പോലെ ജീവിക്കണമെങ്കിൽ എത്ര പണം വേണ്ടി വരും?. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകനും ഗുഡ്വർക്ക്സ് ഗ്രൂപ്പ് സിഇഒയുമായ വിശ്വാസ് മുദഗൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ടയർ-2 നഗരങ്ങളിൽ പ്രതിമാസം 1 ലക്ഷം വരുമാനം ഉണ്ടെങ്കിൽ സുഖപ്രദമായ ജീവിതം നയിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ "ലൈഫ്‌സ്റ്റൈൽ ഫ്രീഡം" ആഗ്രഹിക്കുന്നവർക്ക് നഗരത്തിനനുസരിച്ച് അതിലും കൂടുതൽ വരുമാനം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇൻഡോറിൽ പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ വരുമാനം ഉണ്ടെങ്കിൽ ഹൈ-എൻഡ് ഫ്ലാറ്റ്, നല്ല സ്കൂളുകൾ, കാർ, സ്ഥിരമായ ഔട്ടിംഗ് എന്നിവ ഉൾപ്പെടുന്ന ജീവിതം നയിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വലിയ മെട്രോ നഗരങ്ങളിലെ പോലെ അമിത ചെലവോ സമ്മർദ്ദമോ ഇല്ലാതെ നല്ല ജീവിതം അവിടെ സാധ്യമാണെന്നും അദ്ദേഹം പറയുന്നു.
ലഖ്‌നൗവിൽ 1 ലക്ഷം മുതൽ 2 ലക്ഷം വരെ വരുമാനം മതിയാകുമെന്നും അദ്ദേഹം പങ്കുവെച്ചു. നവാബി സംസ്കാരവും ആധുനിക നഗരജീവിതവും ഒരുമിച്ച് അനുഭവിക്കാനാകുന്ന നഗരമാണിതെന്നും സ്വകാര്യ ക്ലബ്ബുകൾ, ഷോപ്പിങ് മാളുകൾ, സ്റ്റാഫ് അടക്കമുള്ള ജീവിതശൈലി ആ വരുമാനത്തിൽ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരിൽ 1.25 ലക്ഷം മുതൽ 1.75 ലക്ഷം വരെ വരുമാനം ഉണ്ടെങ്കിൽ സ്വന്തം വീട്, യാത്ര, ആരോഗ്യപരിചരണം, പുറത്ത് നിന്നുളള ഭക്ഷണം എന്നിവയോടെ സുഖകരമായ ജീവിതം നയിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഈ വരുമാനം തന്നെ നാഗ്പൂരിലും മതിയാകുമെന്നാണ് വിലയിരുത്തൽ. ഓരോ രൂപയ്ക്കും കൂടുതൽ സൗകര്യം ലഭിക്കുന്ന നഗരമാണ് നാഗ്പൂർ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജയ്‌പൂരിൽ 1.75 ലക്ഷം മുതൽ 2.25 ലക്ഷം വരെ വരുമാനം വേണമെന്നാണ് അദ്ദേഹം പറയുന്നത്. ആധുനിക കഫേകൾ, ഗോൾഫ് ക്ലബ്ബുകൾ, കൂടുതൽ വിശാലമായ താമസസൗകര്യങ്ങൾ എന്നിവയുള്ള ജീവിതശൈലി അവിടെ ലഭിക്കാമെന്നാണ് വിശദീകരണം.
ഭുവനേശ്വറിൽ മികച്ച ജീവിതത്തിന് 1.25 ലക്ഷം മുതൽ 1.5 ലക്ഷം വരെ മതിയാകും. മൈസൂരിൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ വരുമാനം ഉണ്ടെങ്കിൽ വളരെ സുഖകരമായ ജീവിതം നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ശാന്തമായ അന്തരീക്ഷവും കുറഞ്ഞ തിരക്കുമാണ് മൈസൂരിന്റെ പ്രത്യേകത..
ടയർ-2 നഗരങ്ങളിൽ സമ്പന്നനാകുക എന്നത് പണത്തിന്റെ കാര്യം മാത്രമല്ലെന്നും, സമാധാനവും സമയവും കുറഞ്ഞ സമ്മർദ്ദവുമാണ് പലരും ഇപ്പോൾ അന്വേഷിക്കുന്നതെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നു. ഇതോടെയാണ് ടയർ-2 നഗരങ്ങൾ ഇപ്പോൾ മെട്രോകളേക്കാൾ മികച്ച ജീവിത നിലവാരം നൽകുന്നുണ്ടോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്.












Click it and Unblock the Notifications