മൈസൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം, ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി അജ്ഞാതരാണ് ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചത് എന്ന് പൊലീസ് അറിയിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ ആണ് ആക്രമണം. പള്ളിയിലെ ഉണ്ണി യേശുവിന്റെ പ്രതിമയും അക്രമികള്‍ തകര്‍ത്തു മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്.
അക്രമികള്‍ ഒളിവിലാണ് എന്നും പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ആണ് ജീവനക്കാരന്‍ പള്ളിയില്‍ ചില കേടുപാടുകള്‍ സംഭവിച്ചതായി മനസിലാക്കിയത്. ഉടന്‍ തന്നെ ഇദ്ദേഹം പാസ്റ്ററെ വിവരമറിയിച്ചു. പാസ്റ്റര്‍ വിളിച്ചത് പ്രകാരം പൊലീസ് എത്തി പരിശോധന നടത്തി. പള്ളിയുടെ പിന്‍വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. പണവും പള്ളിക്ക് പുറത്ത് വച്ചിരുന്ന ഒരു കളക്ഷന്‍ ബോക്‌സും മോഷണം പോയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് മൈസൂര്‍ പൊലീസ് സൂപ്രണ്ട് സീമ ലത്കര്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പള്ളികളും ക്രിസ്ത്യന്‍ മിഷനറികും ചില മത രാഷ്ട്രീയ സംഘടനകളുടെ ആക്രമണം നേരിടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച, ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് ആരോപിച്ച് ക്രിസ്മസ് പരിപാടിക്കിടെ വടികളുമായി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തിയതിന് രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെറ്റിദ്ധരിപ്പിക്കല്‍, ബലപ്രയോഗം, അനാവശ്യ സ്വാധീനം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍ എന്നിവയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മത പരിവര്‍ത്തനം നടത്തുന്നത് തടയുന്ന മത പരിവര്‍ത്തന വിരുദ്ധ ബില്‍ ഈ വര്‍ഷം ആദ്യമാണ് കര്‍ണാടക പാസാക്കിയത്.
ഉത്തര്‍ പ്രദേശ് പോലുള്ള ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ നിയമങ്ങള്‍ ഉള്ളതിനാല്‍, സമാനമായ നിയമം സംസ്ഥാനം ഗൗരവമായി പരിഗണിക്കുകയാണ് എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.












Click it and Unblock the Notifications