യൂണിഫോം റദ്ദാക്കി; ഹിജാബ് ധരിച്ചവര്‍ക്ക് പ്രവേശിക്കാം, വ്യത്യസ്ത തീരുമാനവുമായി കോളജ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ഹിജാബ് വിവാദം പ്രധാന ചര്‍ച്ചയായി തുടരവെ വ്യത്യസ്ത തീരുമാനവുമായി മൈസൂരുവിലെ കോളജ്. ഇവിടെ യൂണിഫോം റദ്ദാക്കി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുമതി നല്‍കുന്നതിന് വേണ്ടിയാണ് യൂണിഫോം റദ്ദാക്കിയത്. ഇവിടെ ഹിജാബ് നിരോധനത്തിന്റെ ശേഷം ചില വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ശേഷമാണ് യൂണിഫോം റദ്ദാക്കാന്‍ തീരുമാനിച്ചത്. നാല് വിദ്യാര്‍ഥികളാണ് ഇവിടെ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പഠനം അനുവദിക്കാനാണ് കോളജിന്റെ തീരുമാനം. കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു കോളജ് ഇങ്ങനെ തീരുമാനം എടുക്കുന്നത്.

അതേസമയം, ഹിജാബ് വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിക്കാന്‍ അനുവദിക്കരുത് എന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. തുമകുരുവിലെ ഇപ്രസ് കോളജിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി കോളജില്‍ ഹിജാബിനെ അനുകൂലിച്ച് സമരം നടക്കുകയാണ്. വിദ്യാര്‍ഥികള്‍ നിരോധനാജ്ഞ ലംഘിച്ചാണ് സമരം ചെയ്യുന്നത്. പ്രിന്‍സിപ്പലുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കുടകിലെ കോളജില്‍ ആണ്‍കുട്ടികള്‍ സമരത്തിലാണ്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസില്‍ കയറ്റുന്നത് വരെ സമരം തുടരുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. ദക്ഷിണ കന്നഡയിലെ വിവിധ കോളജുകളിലും സമരം തുടരുന്നുണ്ട്. അതേസമയം, ഹിജാബ് നിരോധനം മൂലം നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയാണെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു.
അതേസമയം, വിജയപുരയിലെ ഇന്‍ഡി കോളജില്‍ നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുത് എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. ആചാരത്തിന്റെ ഭാഗമായുള്ള കുറി തൊടല്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. അധ്യാപകരുമായി അവര്‍ ഏറെ നേരം കലഹിച്ചു. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. വൈകാതെ പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകരെത്തി. ഹിജാബും കാവി ഷാളുമാണ് ആദ്യം വിവാദത്തിലായതെങ്കില്‍ ഇപ്പോള്‍ പൊട്ടു തൊടുന്ന വിഷയത്തിലേക്കും എത്തിയിരിക്കുന്നു. ഹിജാബ് മുസ്ലിം മത ആചാരത്തിന്റെ ഭാഗമായി നിര്‍ബന്ധമുള്ളതല്ലെന്നും ഹിജാബ് ധരിക്കാത്ത ഒട്ടേറെ പേരുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചില്ല. ഇനി തിങ്കളാഴ്ചയും കോടതി ഹര്‍ജി പരിഗണിക്കും.












Click it and Unblock the Notifications