ഭര്‍ത്താവ് 'കൊലപ്പെടുത്തിയ' ഭാര്യ ജീവനോടെ കോടതിയില്‍; ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവിന് മോചനം
ബംഗളൂരു: 2020-ല്‍ ഭര്‍ത്താവ് 'കൊലപ്പെടുത്തിയ' ഭാര്യ ജീവനോടെ കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കൊലപാതകക്കേസില്‍ നിന്ന് ഭര്‍ത്താവിന് മോചനം. മൈസൂരുവിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചയാളെയാണ് കോടതി വിട്ടയച്ചത്. കൃത്യമായി കേസ് അന്വേഷിക്കാതിരുന്ന പൊലീസിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു.
കര്‍ണാടകയിലെ മൈസൂരു സെഷന്‍സ് കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 17 ന് മുന്‍പ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് കോടതി നിര്‍ദേശിച്ചു.
കുടക് ജില്ലയിലെ കുശാല്‍നഗറില്‍ നിന്ന് തന്റെ ഭാര്യ മല്ലിഗയെ കാണാതായതായി 2020 ഡിസംബറിലാണ് ഭര്‍ത്താവ് സുരേഷ് (38) പരാതി നല്‍കിയത്. അതേ കാലയളവില്‍ മൈസൂരുവിലെ പെരിയപട്ടണ താലൂക്കിലുള്ള കാവേരി നദിയില്‍നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു.

തുടര്‍ന്ന്, അസ്ഥികൂടം മല്ലിഗയുടേതാണെന്നും സുരേഷ് അവിഹിത ബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുശാല്‍നഗര്‍ റൂറല്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിനു മുന്‍പ് പൊലീസ് കുറ്റപത്രം തയാറാക്കുകയായിരുന്നു. പരാതി നല്‍കിയ സുരേഷിനെ പിടിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ ദിവസം ഏപ്രില്‍ ഒന്നിന് മല്ലിഗയെ മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലില്‍ വച്ച് സുരേഷിന്റെ സുഹൃത്തുക്കള്‍ കണ്ടു. ആണ്‍സുഹൃത്തിനൊപ്പം മല്ലിഗ ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വീഡിയോ ഫോണില്‍ പകര്‍ത്തുകയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മല്ലിഗയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. ഇതിനിടെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടില്‍ അസ്ഥികൂടം മല്ലിഗയുടേതല്ലന്നും സ്ഥിരീകരണമുണ്ടായി.
മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിഗ കോടതിയില്‍ മൊഴി നല്‍കിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമര്‍ശിച്ചതും. പൊലീസിന്റെ ഗുരുതരമായ വീഴ്ച ഗൗരവമായി എടുത്ത കോടതി, ഏപ്രില്‍ 17 നകം കേസില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് നിര്‍ദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications