ഇനി നായിഡു നയിക്കും: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (ടി ഡി പി) നേതാവ് എൻ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, നടന്മാരായ രജനീകാന്ത്, ചിരഞ്ജീവ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു. നാലാം തവണയാണ് ടി ഡി പി അധ്യക്ഷന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിക്ക് പുറമെ ജന സേന പാർട്ടി (ജെ എസ് പി) നേതാവും നടനുമായ പവൻ കല്യാൺ, നായിഡുവിൻ്റെ മകൻ നാരാ ലോകേഷ്, മുതിർന്ന ജെ എസ് പി നേതാവ് നദെന്ദ്ല മനോഹർ എന്നിവരുള്‍പ്പെടെ 24 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

25 അംഗ മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരും മറ്റ് വിഭാഗത്തിൽ നിന്ന് 12 അംഗങ്ങളും 8 പിന്നാക്ക വിഭാഗക്കാരും 2 പട്ടികജാതിക്കാരും പട്ടിക വർഗം, മുസ്ലീം എന്നീ വിഭാഗങ്ങളില്‍ നിന്നും ഒരോരുത്തരും ഉള്‍പ്പെടുന്നു.
175 അംഗ ആന്ധ്രാപ്രദേശ് നിയമസഭയിൽ ടി ഡി പിയും ജനസേനയും ബി ജെ പിയും അടങ്ങുന്ന എൻ ഡി എ സഖ്യം ഇത്തവണ 164 സീറ്റുകൾ നേടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം സംസ്ഥാനം തൂത്തുവാരി, ആന്ധ്രയിലെ 25ൽ 21 സീറ്റുകളാണ സഖ്യത്തിന് ലഭിച്ചത്. എന്‍ ഡി എ സഖ്യം വലിയ മുന്നേറ്റം കാഴ്ചവെച്ചതോടെ തൂത്തെറിയപ്പെട്ടത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയാണ്. കേന്ദ്രത്തില്‍ 274 സീറ്റെന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാതിരുന്ന ബി ജെ പിക്ക് ടി ഡി പിയുടേയും ജെ ഡി യുടേയും പിന്തുണയോടെയാണ് മൂന്നാം അധികാരത്തില്‍ തുടരാന്‍ സാധിച്ചത്.
1978-ൽ ചന്ദ്രഗിരി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് നിയമസഭയില്‍ എത്തിയ ചന്ദ്രബാബു നായിഡുവിന് ആദ്യ തവണ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ആ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു നായിഡു. പിന്നീടി ടി ഡി പിയിലെത്തിയ നായിഡു 1995 സെപ്റ്റംബർ 1-നാണ് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ആദ്യമായി സ്ഥാനമേല്‍ക്കുന്നത്. അഞ്ച് വർഷം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തെലുഗുദേശം പാർട്ടി വിജയിക്കുകയും 1999 ഒക്ടോബർ 11-ന് രണ്ടാമതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. 2014-19 കാലയളവിലും നായിഡു ആന്ധ്രായുടെ മുഖ്യമന്ത്രി പദത്തിലെത്തി.












Click it and Unblock the Notifications