നോയല്‍ ടാറ്റ എതിര്‍ത്തിട്ടും ഫലമുണ്ടായില്ല; എന്‍ ചന്ദ്രശേഖരന്‍ ടാറ്റ ചെയര്‍മാന്‍ പദവിയില്‍ തുടരും
ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ അടുത്ത അഞ്ചു വര്‍ഷം കൂടി എന്‍ ചന്ദ്രശേഖരന്‍ തുടരും. കമ്പനിയുടെ ബോര്‍ഡ് യോഗം നിയമനം അഞ്ച് വര്‍ഷം കൂടി നീട്ടി പ്രമേയം പാസാക്കി. എന്നാല്‍ കമ്പനിയുടെ സ്ഥാപകന്‍ രത്തന്‍ ടാറ്റയുടെ സഹോദരന്‍ നോയല്‍ ടാറ്റ എതിര്‍ത്ത് വോട്ട് ചെയ്തു.
കഴിഞ്ഞ 10 വര്‍ഷമായി ചെയര്‍മാന്‍ പദവിയില്‍ തുടരുകയാണ് എന്‍ ചന്ദ്രശേഖരന്‍. ഇനിയും തുടരാനില്ല എന്ന് അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐപിഒ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കമ്പനി കടക്കാനിരിക്കെ ചെയര്‍മാനെ മാറ്റുന്നത് തിരിച്ചടിക്കുമെന്ന ആശങ്ക ഒരു വിഭാഗം ബോര്‍ഡ് അംഗങ്ങള്‍ക്കുണ്ട്. തുടര്‍ന്ന് ചന്ദ്രശേഖരനോട് തുടരാന്‍ അവര്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ നിക്ഷേപ കമ്പനിയായി നിലനില്‍ക്കാനാണ് ടാറ്റ സണ്‍സിന് താല്‍പ്പര്യം. ഇക്കാര്യം അവര്‍ ആര്‍ബിഐയെ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല. ഇത്രയും വലിയ വിറ്റുവരവുള്ള കമ്പനി സ്വകാര്യമായി നിലനിന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു. ടാറ്റ സണ്‍സിന്റെ ആവശ്യം ആര്‍ബിഐ തള്ളിയ പിന്നാലെയാണ് എന്‍ ചന്ദ്രശേഖരനെ നിലനിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.
കേന്ദ്ര ബാങ്കിന്റെ ചട്ട പ്രകാരം ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ ചെയര്‍മാന്‍ മാറുന്നതും പുതിയ ചെയര്‍മാന്‍ വരുന്നതുമെല്ലാം കമ്പനിക്ക് തിരിച്ചടിയാകുമെന്നാണ് ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായമത്രെ. അതുകൊണ്ടുതന്നെ എന്‍ ചന്ദ്രശേഖരന്‍ 2032 വരെ തുടരട്ടെ എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.
2017ലാണ് എന്‍ ചന്ദ്രശേഖരന്‍ ആദ്യമായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ ആയത്. 2022ല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഇനി തുടരാനില്ല എന്ന് ചന്ദ്രശേഖരന്‍ കമ്പനിയെ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ബോര്‍ഡ് യോഗം പ്രത്യേക അഭ്യര്‍ഥന നടത്തിയത്.
അതേസമയം കമ്പനിക്ക് പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ദൊറാബ്ജി ടാറ്റ ട്രസ്റ്റ്. ഇതിന് വേണ്ടി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരിയുടെ ഉടമസ്ഥത ടാറ്റ ട്രസ്റ്റിനാണ്. ടാറ്റ ട്രസ്റ്റും ചന്ദ്രശേഖരനും തമ്മിലുള്ള ഭിന്നത രൂക്ഷമായി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമായിട്ടാണ് എന്നാണ് നോയല്‍ ടാറ്റ അഭിപ്രായപ്പെട്ടതത്രെ.


Click it and Unblock the Notifications
