5 വർഷം, എംഎല്‍എയുടെ ആസ്തിയില്‍ 14 കോടി വർധന: കോണ്‍ഗ്രസുകാരന് 5000 മാത്രം, നാഗലാന്‍ഡിലെ കണക്കുകള്‍
ഈ തിരഞ്ഞെടുപ്പിൽ നാഗാലാന്‍ഡില്‍ നാല് വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിക്കുന്നത്

60 അംഗങ്ങളുള്ള നാഗാലാന്‍ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് ഇതുവരെ നടന്നത്. 11 മണിവരെ 35.76 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദായകഅവകാശം ഉപയോഗിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
ഏക എതിരാളി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥി കസെറ്റോ കിനിമി എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് മത്സരം 59 ലേക്ക് ഒതുങ്ങിയത്. അതേസമയം നാഗാലാന്‍ഡിലെ സ്ഥാനാർത്ഥികളെ സമ്പത്തിനെക്കുറിച്ചുള്ള ശ്രദ്ധേയമായ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്.

നാഗാലാന്‍ഡ് തിരഞ്ഞെടുപ്പില്‍
നാഗാലാന്‍ഡ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി ജെ പി - എന്‍ ഡി പി പി സ്ഥാനാർത്ഥികളില്‍ 87 ശതമാനം പേരും കോടീശ്വരന്‍മാരാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി, 116 സ്ഥാനാർത്ഥികളാണ് ഒരു കോടി രൂപയിലധികം ആസ്തിയുണ്ടെന്ന് പ്രഖ്യാപിച്ചത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രണ്ട് പേരാണ് പട്ടികയില്‍ അധികമായി വന്നിരിക്കുന്നത്.

52 സ്ഥാനാർത്ഥികളും ഒരു കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയതോടെ എൻ ഡി പി പി-ബി ജെ പി സ്ഥാനാർത്ഥികളിൽ 87 ശതമാനവും കോടീശ്വരന്മാരാണെന്ന് വ്യക്തമായി. 2023 ലെ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി 5.13 കോടി രൂപയാണ്. 2018ലെ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി 3.76 കോടി രൂപയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ലോക് ജനശക്തി പാർട്ടി (രാം വിലാസ്)
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ടിക്കറ്റിൽ പുഗോബോട്ടോയിൽ നിന്ന് മത്സരിക്കുന്ന ഡോ. സുഖതോ എ സെമയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി. 160 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തി. 46 കോടി രൂപയിലധികം ആസ്തിയുള്ള മുഖ്യമന്ത്രി നെയ്ഫിയു റിയോയാണ് ഏറ്റവും ധനികരായ രണ്ടാമത്തെ സ്ഥാനാർത്ഥി.

ടി എൻഗമ്പായി കൊന്യാക് 5,251 രൂപ മാത്രം
ഫോംചിംഗിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻഗമ്പായി കൊന്യാക് 5,251 രൂപ മാത്രമാണ് സ്വത്തായി പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളില്‍ ഏറ്റവും ആസ്തികുറഞ്ഞ വ്യക്തിയായി ഇദ്ദേഹം മാറി. ഈ വർഷം, 53 സ്ഥാനാർത്ഥികളാണ് രണ്ടാമതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവരിൽ 36 പേർ എൻ ഡി പി പി-ബി ജെ പി സഖ്യത്തിൽ പെട്ടവരാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഈ 53 സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 30 ശതമാനം വർധിച്ച് 7.10 കോടി രൂപയിലെത്തി. തംലുവിൽ നിന്നുള്ള എൻഡിപിപി സ്ഥാനാർത്ഥിയായ ബിഎസ് എൻഗാൻലാങ് ഫോമിന്റെ ആസ്തി 2018ൽ 21.91 ലക്ഷത്തിൽ നിന്ന് 2023ൽ 15.05 കോടി രൂപയായി ഉയർന്നു. അതായത് 6,870 ശതമാനം രൂപയുടെ വർധന.

നാഗാലാന്‍ഡില്‍ നാല് വനിതാ സ്ഥാനാർത്ഥികൾ
184 സ്ഥാനാർത്ഥികളിൽ ഏഴുപേരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവർ. 2018ൽ 193 സ്ഥാനാർത്ഥികളിൽ മൂന്ന് പേർക്കെതിരെ മാത്രമായിരുന്നു ക്രിമിനല്‍ കേസ് ഉണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പിൽ നാഗാലാന്‍ഡില്‍ നാല് വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിക്കുന്നത് - എൻ ഡി പിപി യിൽ നിന്ന് രണ്ട്, ബി ജെ പിയിൽ നിന്നും കോൺഗ്രസിൽ നിന്നും ഒന്ന് വീതവും വനിതകള്‍ മത്സരിക്കുന്നു. 2018ൽ 193 സ്ഥാനാർത്ഥികളിൽ അഞ്ച് പേരും സ്ത്രീകളായിരുന്നു. 1963-ൽ നാഗാലാൻഡിന്റെ തുടക്കം മുതൽ ഒരു വനിതാ എം എൽ എയും നാഗാലാന്‍ഡില്‍ നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications