ബിജെപിയുടെ നല്ല കാലം തുടരും: 2023 ലും മികച്ച തുടക്കം , നാഗാലാന്‍ഡും ത്രിപുരയും കൈവിടില്ല
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി പി പിയും ബി ജെ പിയും ചേർന്നാണ് നാഗാലാൻഡിൽ സർക്കാർ രൂപീകരിച്ചത്

ദില്ലി: 2023 ലൈ ആദ്യ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയും സഖ്യകക്ഷികളും നിർണ്ണായക വിജയങ്ങള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബി ജെ പി സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും തനിച്ച് മത്സരിക്കുന്ന മേഘാലയില്‍ നിലമെച്ചപ്പെടുത്തുമെന്നാണ് സർവ്വേകള്‍ പ്രവചിക്കുന്നത്.
ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ ത്രിപുര സംസ്ഥാനം ഭരണകക്ഷിയായ ബി ജെ പി വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിർത്തുമെന്നാണ് വ്യക്തമാക്കുന്നത്. 60 അംഗ സഭയിൽ എന്‍ ഡി എയ്ക്ക് 36-45 സീറ്റുകൾ ലഭിക്കാനാണ് സാധ്യത. ഇടത്-കോൺഗ്രസ് സഖ്യത്തിന് 6-11 ആണ് പ്രവചിക്കപ്പെടുന്ന സംഖ്യ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ത്രിപുരയിലെ തദ്ദേശവാസികൾക്കായി പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട രാജകീയ പ്രതിനിധി പ്രദ്യോത് ബിക്രം മാണിക്യ ദെബ്ബർമയുടെ നേതൃത്വത്തിലുള്ള ടിപ്ര മോത പാർട്ടി 9 മുതല്‍ 19 വരെ സീറ്റുകള്‍ നേടി നിർണ്ണായക ശക്തിയാവുമെന്നും സർവ്വേ അവകാശപ്പെടുന്നു.

നാഗാലാൻഡിൽ ബി ജെ പി എന്‍ ഡി പി പിയുമായി അധികാരം പങ്കിടുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. നാഗാലാൻഡിൽ മുഖ്യമന്ത്രി നെയ്ഫിയു റിയോ നയിക്കുന്ന നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻ ഡി പി പി) ബി ജെ പിയും 60 അംഗ സഭയിൽ 38-48 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. കോൺഗ്രസിന്റെ സംഖ്യ 1-2 ആയി പരിമിതപ്പെടുമ്പോള്‍, നാഗാ പീപ്പിൾസ് ഫ്രണ്ടിന് (എൻ പി എഫ്) 3-8 സീറ്റുകള്‍ ലഭിക്കും. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് 'മറ്റുള്ളവരുടെ' വിഹിതം 5-15 ആയിരിക്കാം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി പി പിയും ബി ജെ പിയും ചേർന്നാണ് നാഗാലാൻഡിൽ സർക്കാർ രൂപീകരിച്ചത്. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സഭയിൽ ഒരു അംഗം പോലും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. എൻ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലും മത്സരിക്കുന്നു. ഏക എതിരാളി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥി കസെറ്റോ കിനിമി എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് മത്സരം 59 ലേക്ക് ഒതുങ്ങിയത്.












Click it and Unblock the Notifications