നാഗ്പൂര്‍ കലാപം; നാശനഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കുമെന്ന് ഫഡ്‌നാവിസ്
മുംബൈ: നാഗ്പൂര്‍ സംഘര്‍ഷത്തില്‍ നാശനഷ്ടമുണ്ടായ സ്വത്തുക്കളുടെ വില കലാപകാരികളില്‍ നിന്ന് ഈടാക്കുമെന്നും പണം നല്‍കാത്തത് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വില്‍ക്കുന്നതിലേക്ക് നയിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സി സി ടി വി ക്യാമറകളിലെ വീഡിയോകളും ദൃശ്യങ്ങളും വിശകലനം ചെയ്ത ശേഷം ഇതുവരെ 104 കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
12 പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 92 പേര്‍ക്കെതിരെ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. മധ്യ നാഗ്പൂര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന അക്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ ബാധിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ ആക്രമിച്ചവരെ കണ്ടെത്തി കര്‍ശനമായി നടപടിയെടുക്കുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കലാപത്തില്‍ വിദേശികളുടേയോ ബംഗ്ലാദേശി പൗരന്മാരുടേയോ പങ്കുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ഇന്റലിജന്‍സ് പരാജയം എന്ന് വിളിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വത്തുക്കള്‍ വീണ്ടെടുക്കന്‍ ആവശ്യമുള്ളിടത്തെല്ലാം ബുള്‍ഡോസറുകളും ഉപയോഗിക്കും എന്നും ഫഡ്നാവിസ് പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എച്ച്പി നടത്തിയ പ്രതിഷേധത്തിനിടെ വിശുദ്ധ ലിഖിതങ്ങള്‍ പതിച്ച ഒരു 'ചാദര്‍' കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മാര്‍ച്ച് 17 ന് മധ്യ നാഗ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സംഘര്‍ഷത്തില്‍ മൂന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ( ഡി സി പി ) ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു, നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 40 വയസുള്ള ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും കൂട്ടുപ്രതികളാക്കും എന്നും ഇതുവരെ 68 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കലാപത്തിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് നേരെ കല്ലെറിഞ്ഞു എന്നതാണ് വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications