എന്‍റോള്‍മെന്റ് വിലക്ക്: നിയമവിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞത് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര
ഹൈദരാബാദ്: നാല്‍സാര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികളുടെ എന്‍റോള്‍മെന്റ് വിലക്കിയ വിവാദ നീക്കത്തില്‍ മാപ്പ് പറഞ്ഞ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര. തന്റെ വാക്കുകളോ പ്രവര്‍ത്തിയോ നിയമവിദ്യാര്‍ത്ഥികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശത്തിലാണ് മനന്‍ കുമാര്‍ മിശ്ര പറയുന്നത്.
മാപ്പ് ചോദിക്കാന്‍ തനിക്ക് മടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും മനന്‍ കുമാര്‍ മിശ്ര വ്യക്തമാക്കി. സര്‍വ്വകലാശാല കോണ്‍വൊക്കേഷന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിന് എതിരെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോട് ചീഫ് ജസ്റ്റിസ് നടത്തിയ പ്രതികരണം വിവാദമായതോടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം.

കോടതിയുടെ സമയം മെനക്കെടുത്തരുത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. എന്നാല്‍ ഇത് ഹര്‍ജി കേള്‍ക്കാന്‍ തയ്യാറാകാത്തത് അല്ലെന്നും കൃത്യമായി ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചത് ആയിരുന്നു എന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് വിശദീകരിച്ചത്. ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയാക്കുന്നതിന് എതിരെ 450ലധികം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനം സര്‍വ്വകലാശാല അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് 2026 ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിയേയും അഭിഭാഷകരായി എന്‍ റോള്‍ ചെയ്യിക്കരുത് എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥികളും താനും തമ്മിലുളള കാര്യമാണെന്നും ബാര്‍ കൗണ്‍സില്‍ ഇടപെടേണ്ടെന്നുമാണ് ചീപ് ജസ്റ്റിസ് വ്യക്തമാക്കിയത്. സിജെപി അടക്കമുളളവരും ശക്തമായി രംഗത്ത് വന്നതിന് പിന്നാലെ ബാര്‍ കൗണ്‍സില്‍ തീരുമാനം പിന്‍വലിച്ചു.



Click it and Unblock the Notifications