തലവേദനയോ, പുരട്ടൂ നമോ ബാം!
അഹമ്മദാബാദ്: നമോ ലാപ്‌ടോപ്, നമോ ടീ ഷര്‍ട്ട്, നമോ ചായ തുടങ്ങിയ ഹിറ്റുകള്‍ക്ക് പുറമേ നമോ ബാമും വിപണിയിലേക്ക്. ഭാവ്‌നഗറിലെ ഗൊരാന്‍ ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പേരില്‍ വേദന സംഹാരി പുറത്തിറക്കിയത്. 24 രൂപയാണ് ഒരു കുപ്പി നമോ ബാമിന് വില.
നിരവധി അസുഖങ്ങള്‍ക്ക് ഒരൊറ്റ മരുന്ന് എന്നാണ് നമോ ബാമിന്റെ പരസ്യവാചകം. തലവേദന, ശരീര വേദന, ജലദോഷം, മൂക്കടപ്പ് തുടങ്ങിയ അസുഖങ്ങള്‍ നമോ ബാം തേച്ചാല്‍ പമ്പ കടക്കും എന്നാണ് നിര്‍മാതാക്കളുടെ വാദം. നമോ ബാമിന്റെ പ്രശസ്തി സിംഗപ്പൂര്‍ വരെ പരന്നതായും തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതായും ഇവര്‍ പറയുന്നു.

നമോ പ്രോഡക്ടുകളുടെ ഓണ്‍ലൈന്‍ വിപണിയായ നമോ സ്‌റ്റോറില്‍ നിന്നും ബാം വാങ്ങാം.നമോ സ്റ്റോറിന് പുറമേ 12 സംസ്ഥാനങ്ങളിലെ ആയിരത്തോളം മരുന്നുകടകളിലും നമോ ബാം വാങ്ങാന്‍ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ വേദനകളകറ്റാനുള്ള മോദിയുടെ കഴിവിനെയാണ് നമോ ബാം പ്രതിനിധാനം ചെയ്യുന്നതെന്നാണ് കരുതുന്നത്.
നമോ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഓണ്‍ലൈന്‍ സ്‌റ്റോറാണ് നമോ സ്‌റ്റോര്‍ എന്ന വെബ്‌സൈറ്റ്. ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ പൊതുവെ രാജ്യത്തെ നയിക്കാനായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടുന്നവരാണ്. നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഒരു സംഘം വോളന്റിയര്‍മാരാണ് നമോ സ്‌റ്റോര്‍ എന്ന ആശയത്തിന് പിന്നില്‍. 2012 തുടങ്ങിയ നമോ സ്‌റ്റോര്‍ ഇതിനോടകം 20 ലക്ഷം രൂപയ്ക്ക് മുകളില്‍ കച്ചവടം നടത്തിക്കഴിഞ്ഞു.












Click it and Unblock the Notifications