ആശാറാമിന്റെ മകന് ഒട്ടേറെ സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ
ഇന്‍ഡോര്‍: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെ ആരോപണവുമായി ഭാര്യ ജാനകി രംഗത്ത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെതിരെ രൂക്ഷമായാണ് അവര്‍ പ്രതികരിച്ചത്. നാരായണ്‍ സായി സന്യാസി വേഷം ധരിച്ച ചെന്നായ ആണെന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒട്ടേറെ സ്ത്രീകളുമായി നാരായണ്‍ സായിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ താന്‍ ഇക്കാര്യം മനസിലാക്കിയെന്നും ഒരു സ്ത്രീയില്‍ ഇയാള്‍ക്ക് മകനുണ്ടെന്നും ജാനകി പറഞ്ഞു. ഇന്‍ഡോര്‍ സ്വദേശിയായ ജാനകി, നാരായണ്‍ സായിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് ഒരു വര്‍ഷം മുന്‍പേ പരാതി നല്‍കിയിരുന്നു.

അവിഹിതബന്ധം എതിര്‍ത്തതിന് നാരായണ്‍ സായി തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് ജാനകി പറഞ്ഞു. വീട്ടാവശ്യത്തിന് പണം നല്‍കുന്നതും അയാള്‍ നിര്‍ത്തലാക്കി. തനിക്ക് വഴങ്ങി ജീവിക്കണമെന്നായിരുന്നു നാരായണ്‍ സായിയുടെ ആവശ്യം. എന്നാല്‍, മര്‍ദ്ദനം അസഹനീയമായതോടെ താന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജാനകി വ്യക്തമാക്കി.
ഇന്‍ഡോര്‍ കുടുംബ കോടതിയില്‍ ഇവരുടെ വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പരാതി നല്‍കിയതിനാല്‍ നാരായണ്‍ സായിയില്‍ നിന്നും ഭീഷണി ഉണ്ടായതായി ജാനകി പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് അവര്‍ എസ്പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മകന്‍ നാരായണ്‍ സായിയും പിതാവ് ആശാറാം ബാപ്പുവും ഇപ്പോള്‍ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുകയാണ്.


Click it and Unblock the Notifications