ധബോല്‍ക്കര്‍ വധക്കേസ്: രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ്, മൂന്ന് പേരെ വെറുതെ വിട്ടു
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും ചിന്തകനുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കുറ്റക്കാരെന്ന് പൂനെയിലെ യു എ പി എ കേസുകള്‍ക്കായുള്ള പ്രത്യേക കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേര്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. 2013 ഓഗസ്റ്റ് 20 നായിരുന്നു ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ധാബോല്‍ക്കര്‍. പ്രഭാത നടത്തത്തിനു പോയ ധാബോല്‍ക്കര്‍ പൂനെ സിറ്റിയിലെ വിത്തല്‍ റാംജി ഷിന്‍ഡെ പാലത്തിനു സമീപം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ തലവനായിരുന്ന ധബോല്‍ക്കറെ തീവ്ര വലതുപക്ഷ സംഘടനയില്‍പ്പെട്ടവരാണ് കൊലപ്പെടുത്തിയത്.

ഇതിന് പിന്നാലെ 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയെയും അതേ വര്‍ഷം ഓഗസ്റ്റില്‍ കോലാപൂരില്‍ എംഎം കല്‍ബുര്‍ഗിയെയും വെടിവെച്ചുകൊന്നിരുന്നു. 2017 സെപ്തംബറില്‍ ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയും ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടേയെല്ലാം പ്രതിസ്ഥാനത്ത് ഒരേ സ്വഭാവമുള്ള സംഘടനകളാണ് എന്നാണ് വിലയിരുത്തല്‍.
പൂനെ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 2014 ല്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള ഇഎന്‍ടി സര്‍ജന്‍ ഡോ.വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് തവാഡെയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
തവാഡെയും മറ്റ് ചില പ്രതികളും സനാതന്‍ സന്‍സ്ത വഴി ധബോല്‍ക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന സമിതി, മഹാരാഷ്ട്ര) നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ധവിശ്വാസത്തിനെതിരായ ധബോല്‍ക്കറുടെ പ്രവര്‍ത്തനങ്ങളെ പ്രതികള്‍ എതിര്‍ത്തിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അന്തിമ വാദത്തില്‍ വ്യക്തമാക്കിയിരുന്നു.
സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെയാണ് സി ബിഐയുടെ കുറ്റപത്രത്തില്‍ ഷൂട്ടര്‍മാര്‍ എന്ന് ആദ്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ പിന്നീട് സച്ചിന്‍ അന്ദുരെയെയും ശരദ് കലാസ്‌കറെയും അറസ്റ്റ് ചെയ്ത് അവരാണ് ധബോല്‍ക്കറെ വെടിവെച്ചുകൊന്നത് എന്നും അനുബന്ധ കുറ്റപത്രത്തില്‍ അവകാശപ്പെട്ടു. തുടര്‍ന്ന് അഭിഭാഷകരായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ ഗൂഢാലോചന നടത്തി കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധക്കേസുകളിലെ പ്രതികള്‍ക്ക് പരസ്പര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു.












Click it and Unblock the Notifications