ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കില്ല: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും നരേന്ദ്ര മോദി
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയാല്‍ രാജ്യം ദുർബലമാകും, രാജ്യം കൂടുതല്‍ ദുർബലമാകുമ്പോഴാണ് തങ്ങളുടെ പാർട്ടി ശക്തിപ്പെടുകയെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. അകോളയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ശക്തമാകുമ്പോൾ രാജ്യം നിസ്സഹായവസ്ഥയിലാകും. അതുകൊണ്ടാണ് കോൺഗ്രസ് രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള ദ്രൂവീകരണത്തിന് ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഈ നീക്കം രാജ്യത്തെ ദുർബലമാക്കും. നിലനില്‍പ്പിന് വേണ്ടി മറ്റ് പാർട്ടികളെ ആശ്രയിക്കുന്ന ജീവിയായി കോണ്‍ഗ്രസ് മാറിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

എസ് സി -എസ് ടി വിഭാഗങ്ങളേയും ഒ ബി സിക്കാരേയും ഒന്നിക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. അവർ പരസ്പരം പോരടിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ ശബ്ദം ഭിന്നിക്കുമെന്നും അവരുടെ വോട്ടുകൾ ഭിന്നിക്കുമെന്നും അത് കോൺഗ്രസ് സർക്കാരിന് വഴിയൊരുക്കുമെന്നും അവർക്കറിയാം. പട്ടികജാതി വിഭാഗങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും വിഭജനങ്ങളും പ്രയോജനപ്പെടുത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് അവർ ഒറ്റക്കെട്ടായി മാറണമെന്നും മോദി പറഞ്ഞു.
'കോൺഗ്രസിൻ്റെ ഈ അപകടകരമായ നീക്കത്തെക്കുറിച്ച് നിങ്ങള്‍ക്ക് ജാഗ്രതയുണ്ടായിരിക്കണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചുകൊണ്ട് ജമ്മു കശ്മീരിനെ വീണ്ടും അക്രമത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കില്ല. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഇവർ ആരാണ്? എല്ലാ വിഘടനവാദികളും തീവ്രവാദികളും ഇന്ത്യാ വിരുദ്ധ ശക്തികളും ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നു. ഇപ്പോള്‍ ഇത് കോൺഗ്രസിൻ്റെ നിലപാടായി മാറിയിരിക്കുന്നു," പ്രധാനമന്ത്രി വ്യക്തമാക്കി.
തെലങ്കാനയിലെയും കർണാടകയിലെയും കോൺഗ്രസ് സർക്കാരുകളും തമിഴ്‌നാട്ടില്‍ പാർട്ടി പിന്തുണയുള്ള സർക്കാരും അഴിമതി പദ്ധതികളിലൂടെ 700 കോടി രൂപ പിരിച്ചെടുത്തതായും അദ്ദേഹം ആരോപിച്ചു. അവർ ഈ സംസ്ഥാനങ്ങളെ പാർട്ടിയുടെ ഉന്നതരുടെ "എടിഎമ്മുകൾ" ആക്കി മാറ്റിയെന്നും അവകാശപ്പെട്ട അദ്ദേഹം തന്റെ സർക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, ക്ഷേമ പരിപാടികൾക്കായി ബി ജെ പി സർക്കാറുകള്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി. 80,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന വധവൻ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മാറാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications